![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന ശശി തരൂര്‍ എംപിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കി.
'നിലവില്‍ കേരളം മികച്ച വ്യാവസായിക അന്തരീക്ഷം ഉള്ള സംസ്ഥാനമല്ല. നില മെച്ചപ്പെട്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റികിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറഞ്ഞതെന്ന് അറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?', വി ഡി സതീശന്‍ ചോദിച്ചു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തില്‍ പറയുന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.
''സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് 'രണ്ട് മിനിറ്റിനുള്ളില്‍' ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണിത്'', എന്ന് ശശി തരൂര്‍ ലേഖനത്തിൽ പറഞ്ഞിരുന്നു.
Content Highlights: V D Satheesan against shashi tharoor who praise kerala economic innovation