
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തുതീർപ്പായി. ആരോപണത്തിൽ സമസ്ത മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആരോപണത്തിനെതിരെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ. സയ്യിദ് ഹസൻ തങ്ങൾ മലപ്പുറം ജെഎഫ്സിഎം കോടതി മുമ്പാകെ മാനനഷ്ടകേസ് സമർപ്പിച്ചിരുന്നു. ഹസൻ ഫൈസിയും സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള 14 പ്രതികൾ നൽകിയ നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു.
'സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85-ാം വാർഷികോപഹാരം 2012' എന്ന ഗ്രന്ഥത്തിൽ ഹസൻ ഫൈസി കരുവാരക്കുണ്ട് എന്നയാൾ എഴുതിയ ലേഖനത്തിലായിരുന്നു ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾക്കെതിരേയും സയ്യിദ് ഫസൽ പൂക്കോയ തങ്ങൾക്കെതിരേയും ആരോപണമുയർന്നത്. മതവിധി പുറപ്പെടുവിക്കാൻ അർഹതയില്ലാത്ത സംഘടനയാണെന്ന് ശംസുൽ ഉലമ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്ത്രോത്തിലെ ജെഎച്ച്എസ്ഐ എന്ന സംഘടനയുടെ വ്യാജ ഫത്‌വ ആധാരമാക്കി എഴുതിയ ലേഖനമാണിത്.
ലേഖനത്തിൽ പരാമർശിച്ചിട്ടുളള ആരോപണങ്ങൾ എഴുത്തുകാരനും പ്രസാധകർക്കും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ലേഖനം പിൻവലിച്ചതായി രേഖാമൂലം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒത്തുതീർപ്പാക്കിയത്.
Content Highlight: Allegation of Shamsiya Thareeqath Against Jalaluddin Attakoya Thangal, Fazal Pookoya Thangal the Case is Settled