
വെറും മൂന്ന് മിനിറ്റ് കൊണ്ട് കത്തി ചൂണ്ടി 15 ലക്ഷം കവർന്ന കള്ളൻ. അതും പട്ടാപ്പകൽ. സിസിടിവിയിൽ പതിഞ്ഞത് ചില സ്ഥലത്ത് മാത്രം. മറ്റിടങ്ങിൽ ആളെ കാണാനേയില്ല..! ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്കിൽ നിന്നും കത്തി ചൂണ്ടി 15 ലക്ഷം രൂപ കവർന്ന കള്ളനെ ഒടുവിൽ പൊലീസ് പിടികൂടി. 36 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ആശാരിപ്പറമ്പിൽ റിജോ ആൻ്റണിയടെ അതിബുദ്ധിയെ മറികടന്ന് പൊലീസ് ബുദ്ധി വിജയിച്ചത്. ഹിന്ദിയിലുള്ള സംസാരവും സ്കൂട്ടറിൽ പെട്ടെന്ന് മിറർ സ്ഥാപിച്ചതും വസ്ത്രം ഇടയ്ക്കിടെ മാറിയതും തുടങ്ങി തനിക്കാവുന്നതെല്ലാം റിജോ ചെയ്തിരുന്നു. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിച്ച റിജോയെ ഞായറാഴ്ച രാത്രിയോടെ സ്വന്തം വീട്ടിൽ നിന്ന് തന്നെയായിരുന്നു പൊലീസ് പിടികൂടിയത്.
കടബാധ്യത തീർക്കാനായിരിക്കും മോഷണം എന്ന നിഗമനത്തിലേക്ക് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിലേ പൊലീസ് എത്തിയിരുന്നു. ലക്ഷങ്ങളുണ്ടായിട്ടും തനിക്കാവശ്യമായ 15 ലക്ഷം മാത്രമാണ് മോഷ്ടാവെടുത്തത് എന്നതായിരുന്നു പൊലീസിന് ലഭിച്ച ആദ്യ സൂചന. സ്ഥിരം ക്രിമിനലാണെങ്കിൽ ആ പണം മുഴുവൻ എടുത്തേനെ എന്നും പൊലീസ് അനുമാനിച്ചു.
ഹിന്ദി സംഭാഷണം ഉൾപ്പെടെ പ്രതിയുടെ ആദ്യ ഘട്ടത്തിലെ ശ്രമങ്ങളെല്ലാം കേസന്വേഷണത്തെ ചെറുതായെങ്കിലും പ്രതികൂലമായി ബാധിച്ചിരുന്നു. ദേശീയ പാതയിലേക്ക് കയറി സ്കൂട്ടറിൽ പോകുന്ന ഒരാൾക്ക് ക്യാമറകൾ വെട്ടിച്ചുപോവുക അസാധ്യമാണെന്ന് പൊലീസിന് ഉറപ്പായിരുന്നു. കൊരട്ടി പള്ളിയുടെ ഭാഗംവരെയുള്ള ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്. ഇവിടെനിന്നും ഇടവഴികളിലൂടെ ക്യാമറകളില്‍ പതിയാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീടുള്ള പ്രധാന ക്യാമറകളിലൊന്നും ഇയാളുടെ ദൃശ്യങ്ങള്‍ പതിയാതെ വന്നതോടെയാണ് പോലീസ് ഊടുവഴികളിലും ഈ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കി.
ഇതോടെ പ്രതി ബാങ്കിന് പരിസര പ്രദേശത്ത് തന്നെയുള്ള ആളായിരിക്കാം എന്ന അനുമാനത്തിലേക്ക് പൊലീസെത്തി. തുടർന്ന് കേസ് അന്വേഷണം ചാലക്കുടിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ അന്വേഷണ രീതി പക്ഷേ പ്രതിയുടെ അതിബുദ്ധിയിൽ തോന്നിയതേയില്ല. അന്വേഷണം തന്നിലേക്കെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വിശ്വസിച്ച പ്രതി പണവുമായി സ്വന്തം വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.
പ്രദേശത്തെ ലഭിക്കാവുന്ന എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ചില സിസിടിവികളിൽ പ്രതിയുടെ ചിത്രം പകർന്നതായും മറ്റ് ചിലതിൽ പ്രതിയുടെ ദൃശ്യങ്ങൾ ഇല്ലാത്തതായും കണ്ടെത്തിയത്. എന്നാൽ വാഹനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാതിരുന്നതിനാൽ പൊലീസ് സ്വാഭാവികമായും അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതുകൂടാതെ മോഷണം നടന്ന ബാങ്കില്‍ അക്കൗണ്ടുള്ള ആളുകളെയും അവരില്‍ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പൊലീസ് വ്യക്തമായ അന്വേഷണം നടത്തി. ഇത്തരത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.
ഞായറാഴ്ച രാത്രി പൊലീസ് എത്തുമ്പോഴും പ്രതി റിജോ വീട്ടിൽ തന്നെയുണ്ടായിരുന്നു. ആദ്യം പൊലീസിനെ കണ്ട പ്രതിയ്ക്ക് ഞെട്ടലായിരുന്നു ഭാവമെന്ന് തൃശൂർ റൂറൽ എസ് പി പറയുന്നുണ്ട്. പിന്നീട് ഭാവം നിർവികാരതയിലേക്ക് മാറിയെന്നും പൊലീസ് പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിൽ അക്കൗണ്ടുണ്ടായിരുന്ന പ്രതിക്ക് ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഏകദേശം ധാരണയുണ്ടായിരുന്നു. കൊള്ള നടത്തുന്നതിന് മുമ്പ് മിക്ക ദിവസങ്ങളിലും ബാങ്കിൽ സന്ദർശിച്ച് ഉച്ച സമയത്ത് ബാങ്കിൽ എത്ര ജീവനക്കാരുണ്ടാകുമെന്നും, ബ്രേക്ക് എപ്പോഴാണെന്നും പ്രതി മനസിലാക്കി. പ്രദേശത്തെ പള്ളിയിൽ കൂട്ട പ്രാർത്ഥനയുണ്ടാകാറുള്ള ദിവസങ്ങളെ ഒഴിവാക്കിയാണ് പ്രതി വെള്ളിയാഴ്ച മോഷണത്തിനായി തിരഞ്ഞെടുത്തത്. ഇതോടെ കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു മോഷണമെന്ന് തെളിഞ്ഞു.
ആഢംബര ജീവിതവും വലിയ വീടും മദ്യവും പാർട്ടികളുമൊക്കെ കൊണ്ട് ജീവിതം ആഘോഷമാക്കി മാറ്റിയ റിജോ കള്ളനായതിന് പിന്നിലെ കാരണമായിരുന്നു പൊലീസിനെ അമ്പരപ്പിച്ചത്. വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചായിരുന്നു റിജോയുടെ ജീവിതം. ഭാര്. നാട്ടിലെത്താൻ സമയമായപ്പോഴാണ് വാങ്ങിയ കടങ്ങൾ വീട്ടാൻ റിജോ ബാങ്ക് കൊള്ളയടിച്ചത്. ഏതായാലും നിലവിൽ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റാരെങ്കിലും കൃത്യത്തിന് സഹായിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുമെന്നും കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: Chalakkudy Bank robbery accused arrested; How police found him