
പാലാ: അടുത്ത ബന്ധുക്കളാരുമില്ലാത്തയാള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഇതരമതസ്ഥനായ പഞ്ചായത്തംഗം. കരൂര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് മെമ്പര്‍ പ്രിന്‍സ് കുര്യത്താണ് തന്റെ വാര്‍ഡിലെ കണിയാരം പറമ്പില്‍ ശിവശങ്കരന്‍ നായരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ് മാസങ്ങളായി കിടപ്പിലായിരുന്നു ശിവശങ്കരന്‍.
അവിവാഹിതനായ ഇദ്ദേഹത്തെ ചികിത്സാചെലവ് അടക്കമുള്ള കാര്യങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പ്രിന്‍സ് ആയിരുന്നു ഏകോപിപ്പിച്ചത്. നാല് സെന്റില്‍ ചെറിയ വീടും നിര്‍മ്മിച്ചുനല്‍കിയിരുന്നു.ഒരുമാസം മുമ്പ് ആരോഗ്യനില മോശമായതോടെ ശിവശങ്കറിനെ തോട്ടുവയലിലുള്ള അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ചിരുന്നു. അവിടെ ചികിത്സയില്‍ തുടരവെ വെള്ളിയാഴ്ച്ച വൈകിട്ട് മരിച്ചു.
ശനിയാഴ്ച മൃതദേഹം പ്രിന്‍സിന്റെ വീട്ടിലായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. അകന്ന ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തിയിരുന്നു. ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചതോടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രിന്‍സ് തന്നെ മുന്നോട്ട് വരികയായിരുന്നു.
Content Highlights: Karoor Panchayath member prince performs last rites for a sivasankaran