
തിരുവനന്തപുരം: ഇടതുപക്ഷം ശശി തരൂരിന് സ്വീകാര്യമായ വിധത്തില്‍ മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് തന്റെ വായനയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതുപക്ഷത്തെ കുറിച്ചുള്ള തന്റെ വിമര്‍ശനവും ഈ വലതുവത്കരണം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ശശി തരൂര്‍ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും എനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ച് വിവാദങ്ങള്‍ നടക്കുകയാണല്ലോ. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വികസന നയങ്ങള്‍ ശക്തമായി പിന്തുടരുന്ന തരൂര്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കില്‍ അതില്‍ രണ്ടു വായനകളാണ് സാധ്യം. ഒന്നുകില്‍ തരൂര്‍ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. അതിന് വിദൂര സാധ്യത പോലും ആരും കാണില്ല. രണ്ടാമത്തെ സാധ്യത ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തില്‍ മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചു തുടങ്ങി എന്നാണ്. അതാണ് സംഭവിക്കുന്നത് എന്നാണ് എന്റെ വായന. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമര്ശനവും ഈ വലതൂവല്‍ക്കരണം തന്നെയാണ്., ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.
കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിന്റെ ലേഖനത്തില്‍ പറയുന്നത്.
ശശി തരൂരിന്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ വികസന നേട്ടം എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നു. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും തരൂരിന്റെ ലേഖനം വ്യാപകമായി പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നല്ലത് കണ്ടാല്‍ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂര്‍ പ്രതികരിച്ചിരുന്നു. പിന്നീടും ശശി തരൂര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.
Content Highlights: Left started accepting capitalist policies acceptable to Shashi Tharoor; Geevarghese Mar Coorilose