'തരൂർ അഭിനന്ദിച്ചതിന് എന്ത് പുകിലാണുണ്ടായത്, കോൺഗ്രസ് വസ്തുത മറച്ചു പിടിക്കുന്നു'; മുഖ്യമന്ത്രി

'കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായത്'

dot image

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച‌ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺ​ഗ്രസിലുണ്ടാക്കിയതെന്നും കോൺ​ഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായത് എന്നും പിണറായി വിജയൻ വിമർശിച്ചു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കഴിയുന്നത്. നാടിൻ്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു.

നാടിൻറെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണം. സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐ ടി സ്റ്റാർട്ട് അപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂർ കേരളത്തെ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന് തകർച്ച സംഭവിച്ചത് യുഡിഎഫ് ഭരണകാലത്ത് ആണെന്നും മുഖ്യമന്ത്രി വിമർശിച്ചു. വികസന പ്രവർത്തനങ്ങൾ ഒന്നും അന്ന് നടന്നിരുന്നില്ല. ഇന്ന് ദുരന്ത സമയങ്ങളിൽ എല്ലാം സംസ്ഥാന സർക്കാർ ജനങ്ങളുടെ കൂടെ നിന്നു. ആളുകൾ ഒത്തൊരുമിച്ച് നിന്ന് പോരാടി. ഓരോ മേഖലയിലെയും പുരോഗതി നമ്മൾ കണ്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.

എത്ര പരിഹാസമായാണ് കോൺഗ്രസ് മാറിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടെ സംസ്ഥാനത്തെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. കേരളത്തിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ നേട്ടം അംഗീകരിക്കേണ്ടതായി വന്നു. അതേസമയം കേരളത്തിൽ ഒരു വിഭാഗം ഇതിനെ ആകെ തള്ളിപ്പറയുകയാണ്. അവർ മറ്റൊരു ചിത്രം കൊണ്ടുവരാൻ നേതൃത്വം കൊടുക്കുകയാണ്, അതിനൊപ്പം വലതുപക്ഷ മാധ്യമങ്ങളും അണിനിരക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ ഭിന്നതയിലും മുഖ്യമന്ത്രി കോൺഗ്രസിനെ കുറ്റപ്പെടുത്തി. ബിജെപിക്ക് എതിരായ ശക്തികളെ യോജിപ്പിച്ച് നിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. അവരുടെ സങ്കുചിത മനോഭാവം ഡൽഹിയിൽ തിരിച്ചടിയായി. വിജയത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ വേണമെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. അവരുടെ ഈ തെറ്റായ സമീപനം മൂലം രാജസ്ഥാനിൽ അടക്കം തിരിച്ചടിയുണ്ടായി. ലോക്സഭ തിരഞ്ഞെടുപ്പിലും എല്ലായിടത്തും ഒന്നിച്ചു നിൽക്കാൻ കോൺഗ്രസ്സ് തയ്യാറായില്ല. തയ്യാറായിയുന്നുവെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനേ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് നിലപാട് ബിജെപിക്ക് വഴിയൊരുക്കി എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബിജെപിയുടെ ഐശ്വര്യമായി മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിലും സമാന സാഹചര്യം ഉണ്ടായി. കെജ്‌രിവാൾ സർക്കാരിനെ ദുർബലപ്പെടുത്താൻ കോൺഗ്രസ് പലതും ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകിയത് കോൺഗ്രസ് ആണ്. ഡൽഹിയിൽ കെജ്‌രിവാളിനെതിരെ കിട്ടാവുന്നതിൽ നല്ല സ്ഥാനാർഥിയെ നിർത്തി. രാഹുൽ അടക്കം പ്രചാരണത്തിന് ഇറങ്ങി. എന്തൊരു അധഃപതനമാണ് ഈ പാർട്ടിക്ക് എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും കെജ്‌രിവാൾ പുറത്തായതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ്. ഈ പാർട്ടിയെ കുറിച്ച് ഇനി എന്ത് പറയാൻ ആണെന്നും വിമർശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

Content Highlight: Pinarayi Vijyayan Support Shashi Tharoor Statement About Kerala Development

dot image
To advertise here,contact us
dot image