
തൃശൂർ: ചാലക്കുടിയിൽ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണി മദ്യപാനിയായിരുന്നുവെന്ന് പൊലീസ്. മോഷണം നടത്തി മടങ്ങുമ്പോഴും പ്രതി മദ്യം വാങ്ങിയാണ് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ നിന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് തന്നെയായിരുന്നു പ്രതി മദ്യം വാങ്ങിയതും.
40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു..
ഫെഡറൽ ബാങ്കിന് നേരെ മുൻപിലുളള പോട്ട പള്ളിയാണ് റിജോയുടെ ഇടവക. സ്ഥിരമായി എല്ലാ ഞായറാഴ്ചയും ഇയാൾ പള്ളിയിൽ പോകുമായിരുന്നു. മാസത്തിലെ ആദ്യത്തേയും അവസാനത്തേയും വെള്ളിയാഴ്ച മാത്രമാണ് പള്ളിയിൽ പ്രാര്‍ത്ഥനകള്‍ ഇല്ലാത്തത്. അതിനാലാണ് വെള്ളിയാഴ്ച ദിവസം പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. ബാങ്കിലെത്തി ചില്ലിന് പിറകിൽ മൂന്ന് കെട്ട് പണം കണ്ടു, അത് എടുത്തു എന്നത് മാത്രമായിരുന്നു ആ സമയം പ്രതി ചിന്തിച്ചതെന്നും പൊലീസ് പറയുന്നുണ്ട്. കൃത്യമായി ആസൂത്രണം ചെയ്തതിനാൽ താൻ ഒരിക്കലും പിടിക്കപ്പെടില്ല എന്നതായിരുന്നു റിജോയുടെ വിശ്വാസം. രണ്ട് നിലയുള്ള വലിയ വീട് വെച്ച് നാട്ടുകാരുടെ മുന്നിൽ പ്രമാണിയായി ജീവിക്കുകയായിരുന്നു പ്രതിയെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രിയാണ് ആശാരിപ്പറമ്പിൽ സ്വദേശി റിജോ ആന്റണിയെ പൊലീസ് പിടികൂടുന്നത്. ആഢംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആഢംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണം. വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം റിജോ ധൂര്‍ത്തടിച്ചു. ഭാര്യ നാട്ടിലെത്താന്‍ സമയമായപ്പോഴാണ് കടം വീട്ടാനായി ഇയാള്‍ ബാങ്ക് കൊള്ളയടിച്ചത്. സ്വന്തം ബൈക്ക് വ്യാജനമ്പര്‍ വെച്ചാണ് റിജോ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളും പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. പട്ടാപ്പകൽ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകൾക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത്.
Content Highlight: Police says Chalakudy bank robbery accused Rijo a drunkard