സർക്കാർ അനുകൂല ലേഖനം; ശശി തരൂരിനെതിരെ എതിർപ്പ് പരസ്യമാക്കാൻ മുസ്‌ലിം ലീ​ഗ്, കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണും

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സ‌ർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിൻ്റെ ലേഖനം എന്നാണ് ലീ​ഗിൻ്റെ നിലപാട്

dot image

മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച‌ ശശി തരൂരിന്റെ ലേഖനത്തിൽ മുസ്‌ലിം ലീ​ഗിന് കടുത്ത എതിർപ്പ്. എതിർപ്പ് പരസ്യമാക്കാനാണ് ലീ​ഗ് നീക്കം. വിഷയത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണും. തരൂരിന്റെ ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന നിലപാടിലാണ് മുസ്‌ലിം ലീ​ഗ് നേതൃത്വം. ശശി തരൂ‍ർ ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനം അനാവശ്യ വിവാദങ്ങൾക്ക് കാരണമായെന്നാണ് ലീ​ഗിൻ്റെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സ‌ർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിൻ്റെ ലേഖനം എന്നാണ് ലീ​ഗ് ചൂണ്ടിക്കാണിക്കുന്നത്. ഇത് യുഡിഎഫ് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കാരണമായി. ശശി തരൂരിനെപ്പോലെ ഒരു മുതി‍ർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ലേഖനത്തിലെ പരാമ‍ർശങ്ങൾ എന്നാണ് ലീ​ഗ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിൻ്റെ ലേഖനത്തിൽ പറയുന്നത്.

ശശി തരൂരിൻ്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ വികസന നേട്ടം എന്ന നിലയിൽ അവതരിപ്പിച്ചിരുന്നു. സിപിഐഎമ്മിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തരൂരിൻ്റെ ലേഖനം വ്യാപകമായി പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു. രമേശ് ചെന്നിത്തലയും ശശി തരൂരിൻ്റെ നിലപാട് തള്ളി രം​ഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.

നേരത്തെ ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്ന ശശി തരൂർ എം പിയുടെ പരാമർശം ലീ​ഗിനെ ചൊടിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയായിരുന്നു തരൂരിന്റെ പ്രതികരണം. അതേവേദിയിൽ തന്നെ ലീഗ് നേതാക്കൾ തരൂരിനെ തിരുത്തിയിരുന്നു. ഇസ്രായേലിൽ ഒക്ടോബർ 7ന് നടന്നത് ഭീകരാക്രമണമാണെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം. എന്നാൽ തരൂരിന് ശേഷം പ്രസംഗിച്ച എം കെ മുനീറും അബ്ദുസമദ് സമദാനിയും ഈ പരാമർശം തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: Pro-Government Article Muslim League publicly reveals dissatisfaction against Shashi Tharoor

dot image
To advertise here,contact us
dot image