
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം.
ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. പട്ടാപ്പകൽ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകൾക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുൾപ്പെടെ കേസിൽ പലവിധ ദുരൂഹതകൾ നിലനിന്നിരുന്നു.
Content Highlight: Thrissur Potta bank robbery; Accused arrested