കാട്ടാനക്കലി പോളിന്റെ ജീവനെടുത്തിട്ട് ഒരാണ്ട്; അനാഥമായി കുടുംബം, സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം ഫയലില്‍

പോളിനെ 2024 ഫെബ്രുവരി 16-ന് രാവിലെയാണ് കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ച് ജോലിക്കിടെ കാട്ടാന ആക്രമിച്ചുകൊന്നത്

dot image

കല്‍പറ്റ: കാട്ടാനക്കലിയില്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോഴും സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മുന്നിലേക്ക് വെച്ച വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. പോളിന്റെ ഭാര്യ സാലിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 50 ലക്ഷം രൂപയും അടക്കം വാഗ്ദാനങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഇന്നും ശൂന്യത മാത്രം. കുറുവാദ്വീപിലെ വനംസംരക്ഷണസമിതി ജീവനക്കാരനായ പോളിനെ 2024 ഫെബ്രുവരി 16-ന് രാവിലെയാണ് കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ച് ജോലിക്കിടെ കാട്ടാന ആക്രമിച്ചുകൊന്നത്.

'വാഗ്ദാനം ചെയ്തതില്‍ പത്ത് ലക്ഷം രൂപ മാത്രം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബാക്കി 40 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പോളിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു. വനംവകുപ്പില്‍ ജോലി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ കുറുവാദ്വീപില്‍ പോള്‍ ചെയ്ത ഗൈഡിന്റെ ജോലി തന്നെയാണ് ഭാര്യ സാലിയും ചെയ്യുന്നത്. വളരെ പ്രയാസപ്പെട്ടിട്ടാണ് പോകുന്നത്. ഫോറസ്റ്റിലൂടെ മൂന്ന് കിലോമീറ്റര്‍ കടന്നുവേണം ജോലിക്ക് പോകാന്‍. സ്വന്തമായി ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്താണ് പോകുന്നത്. എല്ലാ ദിവസവും പോകാന്‍ കഴിയുന്നില്ല. മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞു. അതിന്റെ അസ്വസ്ഥതയൊക്കെ പലപ്പോഴും ഉണ്ടാവാറുണ്ട്', സാലിയുടെ പിതാവ് തോമസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

വനം വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ ചോദിച്ചിരുന്നു. തല്‍ക്കാലം നിലവിലെ ജോലി തുടരൂ. പിന്നീട് പരിഹരിക്കാമെന്നാണ് മറുപടി പറഞ്ഞത്. പലതവണ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ പന്ത് പോലെ തട്ടിക്കളിക്കുകയാണ് ചെയ്തത്. ഇക്കാര്യവും മന്ത്രിയെ അറിയിച്ചിരുന്നു. എന്തുകൊണ്ട് ഇടപെട്ടില്ലെന്നും ചോദിച്ചു. ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു മറുപടിയെന്നും തോമസ് വിശദീകരിച്ചു.

കൊച്ചുമകള്‍ സോനയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും പോള്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതും നടപ്പിലായില്ല. അക്കാര്യം തിരക്കിയപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. വിദ്യാഭ്യാസവകുപ്പിലേക്ക് ഫയല്‍ അയച്ചിട്ടില്ലെന്നാണ് എന്‍സിപി നേതാവ് അറിയിച്ചത്. ഇതില്‍ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ എന്തെങ്കിലും മറുപടി പറഞ്ഞതായി തന്റെ അറിവില്‍ ഇല്ലെന്നും തോമസ് പറഞ്ഞു.

ഇക്കാലമത്രയും ആരും വന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ആനുകൂല്യം കിട്ടിയോ സഹായം വേണോ എന്നുപോലും ചോദിച്ചിട്ടില്ല. എംഎല്‍എയോട് ഇക്കാര്യം പറഞ്ഞിരുന്നു. വിഷയം കൂടുതല്‍ പഠിച്ചിട്ടില്ലെന്നാണ് മറുപടി. എന്നാല്‍ അഞ്ച് തവണ ഈ വീട്ടില്‍ വന്ന എംഎല്‍എ വിഷയം പഠിച്ചില്ലെന്ന് പറയുന്നത് മറച്ചുവെക്കല്‍ ആണെന്നും തോമസ് പറഞ്ഞു.

Content Highlights: wayanad death govt not full fill the promises they made

dot image
To advertise here,contact us
dot image