
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നുവെന്ന് സ്ഥിരീകരണം. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ആന്റി റാഗിങ് കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അടക്കം ആന്റി റാഗിങ് കമ്മിറ്റി പരിശോധിച്ചിരുന്നു. ആന്റി റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോളേജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതിനിടെ ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അഭിഷേകിനെ തേടി ഹോസ്റ്റലില്‍ എത്തുകയും ബിന്‍സിനെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് ശേഷം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചു എന്നായിരുന്നു ബിന്‍സ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തുകയും മുതുകിലും മുഖത്തും അടിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. തറയില്‍ വീണ ശേഷവും മര്‍ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേരാണ് ആരോപണവിധേയര്‍.
Content Highlights- Anti ragging committee confirm first year student faced ragging in karyavattom college