
തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസിൽ പ്രതി റിജോ ആൻ്റണി റിമാൻഡിൽ. പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പ്രതി റിജോയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.
ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്ന് റിജോ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിരുന്നു.
റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്ന് കവര്‍ന്നത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.
മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിവെച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്.
Content Highlight: Chalakudy bank robbery: Rijo remanded