
തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നിലപാടിനെ പരാമര്‍ശിച്ച് സിപിഐ, സിപിഐഎം മുഖപത്രത്തില്‍ ലേഖനങ്ങള്‍. തരൂരിന്റെ അഭിപ്രായ പ്രകടനം സംസ്ഥാനത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് 'ശശി തരൂര്‍ പറഞ്ഞതിലെ നേര്' എന്ന തലക്കെട്ടോടെ സിപിഐ മുഖപത്രം ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സംസ്ഥാന ഭരണത്തിലെ ഏതെങ്കിലും വ്യക്തികളെയോ എല്‍ഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതിന് വേണ്ടിയല്ല ലേഖനം. യാഥാര്‍ത്ഥ്യം വിളിച്ചുപറയുകയാണ് തരൂര്‍. ഓരോ വകുപ്പിന് കീഴിലും ഇത്തരത്തില്‍ മികവിന്റെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുപറയുവാനുണ്ടെന്നും ജനയുഗം പറയുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് ദേശാഭിമാനി എഡിറ്റോറിയല്‍. നാട് ഭരണ മികവിന്റെ യഥാര്‍ത്ഥ ചിത്രം കണ്ടറിയുമ്പോള്‍ ഇതൊന്നും ഈ നാട്ടില്‍ സംഭവിക്കുന്നില്ലെന്ന് പറയാന്‍ അസാമാന്യ തൊലാക്കട്ടിയും ഉളുപ്പില്ലായ്മയും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോണ്‍ഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തില്‍ പെടും എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയം. തരൂരിനെയും ഇക്കൂട്ടര്‍ തള്ളിപ്പറയുന്നു. കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോള്‍ കയ്യടിക്കുന്നു. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
എന്നാല്‍ വിവാദങ്ങള്‍ക്കിടെ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടു. 'ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?' എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. അനാവശ്യവിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമര്‍ശനത്തോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.
Content Highlights: CPI CPIM Editorial Supporting Congress Leader Shashi Tharoor