
കൊച്ചി: പകുതിവില തട്ടിപ്പിൻ്റെ സൂത്രധാരൻ കെ എൻ ആനന്ദകുമാറാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ റിപ്പോർട്ടറിന്. 2023 ഡിസംബർ നാലിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ എൻജിഒ കോൺഫെഡറേഷന് പിന്നിൽ സത്യസായി ട്രസ്റ്റാണെന്ന് ആനന്ദകുമാർ വെളിപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്. തട്ടിപ്പ് തുടങ്ങിയത് ആനന്ദകുമാറാണെന്ന് ഈ പ്രസംഗത്തിൽ നിന്ന് വ്യക്തമാണ്.
പകുതിവിലയ്ക്ക് ലാപ്ടോപ്പുകൾ നൽകുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് ആനന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ.
സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള തുടങ്ങിയത് 30 വർഷം മുൻപാണെന്നും 27 വർഷമായപ്പോൾ നാഷണൽ എൻജിഒ കോൺഫഡറേഷൻ തുടങ്ങിയെന്നുമാണ് ആനന്ദകുമാർ പറയുന്നത്. 'വാഴ നനയുമ്പോൾ ചീരയും നനയണം. സിഎസ്ആർ ഫണ്ട് എന്താണെന്ന് എല്ലാവരും മനസ്സിലാക്കണം. 5000 ലാപ് ടോപ്പുകൾ പകുതി വിലയ്ക്ക് നൽകുന്നത് ഞങ്ങൾ. 2000 രൂപ വീതം ഓരോ ലാപ് ടോപിനും ചെലവാക്കുന്നത് ഞങ്ങളുടെ പണം ഉപയോഗിച്ച്. 10 കോടിയിലേറെ ഇതിനായി ചെലവഴിച്ചു' എന്നാണ് പ്രസംഗത്തിൽ ആനന്ദകുമാർ പറയുന്നത്.
അനന്തു കൃഷ്ണനുമായി ചേർന്നാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും ആനന്ദകുമാർ പ്രസംഗത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഡയാലിസിസ് സെന്ററിന്റെ കരാർ ഒപ്പിട്ടത് അനന്തു കൃഷ്ണനൊപ്പമെന്നാണ് ആനന്ദകുമാർ പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. 'ഞാനും അനന്തു കൃഷ്ണനും കൊച്ചി ദേവസ്വം ബോർഡുമായി കരാർ ഒപ്പ് വെച്ചു' എന്നാണ് ആനന്ദകുമാർ പറയുന്നത്. ഏത് പ്രതിസന്ധിയിലും താൻ കൂടെ ഉണ്ടാകുമെന്നും ആനന്ദ കുമാർ പ്രസംഗത്തിൽ പറയുന്നുണ്ട്.
ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും പ്രസംഗത്തിൽ ആനന്ദകുമാർ പറയുന്നുണ്ട്. പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വീട്ടിൽ പോയി ചായ കുടിക്കുമെന്നും അത് തന്റെ കഴിവാണെന്നുമാണ് ആനന്ദകുമാർ പറയുന്നത്. ഒരു ആശുപത്രി സൂപ്രണ്ടിനെ മാറ്റാൻ തനിക്ക് 24 മണിക്കൂർ മതിയെന്നും ആര് ഭരിച്ചാലും തനിക്ക് ആ സ്വാധീനമുണ്ടെന്നും ആനന്ദകുമാർ പ്രസംഗത്തിൽ അവകാശപ്പെടുന്നുണ്ട്.
പകുതിവിലയ്ക്ക് നൽകുന്നത് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചെന്ന് അനന്തു കൃഷ്ണനും പറയുന്നുണ്ട്. കോർപ്പറേറ്റ് കമ്പനികൾ തലനാരിഴ കീറി പരിശോധിച്ചാണ് ഫണ്ട് നൽകുന്നതെന്നും അനന്തു കൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ്‌ആർ) ഉപയോഗിച്ച് പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ് അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. തിരുവനന്തപുരം തോന്നയ്‌ക്കൽ സായിഗ്രാമം ഗ്ലോബൽ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ– ഓർഡിനേറ്ററുമായാണ് കോൺഫെഡറേഷൻ പ്രവർത്തിച്ചിരുന്നത്.
Content Highlights: Half Price Fraud Mastermind Anandakumar himself