കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞ സംഭവം: ​ഗുരുവായൂർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകൾക്ക് പരിക്ക് പറ്റിയതിൽ ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജൻ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

dot image

കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ സംഭവത്തിൽ ​ഗുരുവായൂർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയായ ദേവസ്വത്തിന്റെ കടമയാണ്. രണ്ട് ആനകൾ പരസ്പരം സ്പർശിക്കുമ്പോൾ തന്നെ വന്യസ്വഭാവം പ്രകടമാക്കുമെന്നും ആനകൾക്ക് പരിക്ക് പറ്റിയതിൽ ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജൻ റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ആനകൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്നതിൽ ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ എന്തിന് നിർത്തി?. ആനകളെ തുടർച്ചയായി ദീർഘദൂരം യാത്ര ചെയ്യിപ്പിക്കുന്നത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളും ഹൈക്കോടതി ചോദിച്ചു. ഒരു ദിവസം ആനകളെ 140 ഓളം കിലോമീറ്ററാണ് യാത്ര ചെയ്യിപ്പിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂർ ദേവസ്വത്തിന്റെ പീതാംബരനും ഗോകുലും വിരണ്ടോടിയത്. പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആനകൾ പരസ്പരം കൊമ്പുകോർത്തതോടെ ആളുകൾ പരിഭ്രാന്തരായി. ആനകളുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് തകർത്തുവീണു. ഇതിനിടയിൽപ്പെട്ട് രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ആനയുടെ ചവിട്ടേറ്റ് മറ്റൊരാളും മരിച്ചു. മുപ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ ഒരുമാസം മുൻപ് അപേക്ഷ നൽകണമെന്നും ക്ഷേത്രങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

Content Highlight: Highcourt slams Guruvayoor devaswom board in Koyilandi elephants attacked during festival

dot image
To advertise here,contact us
dot image