പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി, പൊലീസ് റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

വിധി വന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രതികൾ പരോളിന് അപേക്ഷ നൽകിയത്

dot image

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രൻ എന്നിവരാണ് അപേക്ഷ നൽകിയത്. ഇവരുടെ അപേക്ഷയിൽ ജയിൽ വകുപ്പ് പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. വിധി വന്ന് ഒന്നര മാസം തികയും മുൻപാണ് പ്രതികൾക്ക് പരോൾ നൽകാൻ നീക്കം നടക്കുന്നതെന്നാണ് വിമ‍ർശനം ഉയരുന്നത്. എന്നാൽ നിയമപരമായി പ്രതികൾ പരോളിന് അർഹരെന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്. റിമാൻഡ് കാലയളവ് ഉൾപ്പെടെ പ്രതികൾ രണ്ട് വർഷം തടവ് പൂർത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.

ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികളുള്ളത്. വിധി വന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രതികൾ പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോൾ അപേക്ഷ നൽകി.

നേരത്തെ ജയിലിലെത്തിച്ച പ്രതികളെ പി ജയരാജൻ അടക്കമുള്ള സിപിഐഎം നേതാക്കൾ ജയിലിൽ സന്ദർശിച്ചത് വിവാദമായിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ ജയിലിൽ എത്തിയ പ്രതികളെ സ്വീകരിക്കാൻ സിപിഐഎം പ്രവർത്തകർ ജയിലിന് മുന്നിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രവർത്തകർ സ്വീകരിച്ചത്. പ്രതികളെ സ്വീകരിക്കാൻ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും ജയിലിൽ എത്തിയിരുന്നു. കെ വി കുഞ്ഞിരാമൻ അടക്കം അഞ്ച് സഖാക്കളെ കണ്ടു എന്ന് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

Content Highlights: kripesh sarathlal murder case Two accused applied for parole

dot image
To advertise here,contact us
dot image