
മലപ്പുറം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെയും കേരള ഒളിമ്പിക് അസോസിയേഷനെതിരെയും ആഞ്ഞടിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. പി ടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും ദേശീയ ഗെയിംസിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ പി ടി ഉഷ ഇടപെട്ടില്ലെന്നും മന്ത്രി ആരോപിച്ചു.
കേരള ഒളിമ്പിക് അസോസിയേഷനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഭയപ്പെടുത്തൽ ഇങ്ങോട്ട് വേണ്ട. അസോസിയേഷൻ പുട്ടടിച്ചെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. തൻ്റെ പ്രവർത്തനത്തിന് ഒളിമ്പിക് അസോസിയേഷൻ്റെ സർട്ടിഫിക്കറ്റ് വേണ്ട, ജനങ്ങളുടെ സർട്ടിഫിക്കറ്റ് മതി. അത് തനിക്ക് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിൽ ചില മത്സരങ്ങളിൽ ഒത്തുതീർപ്പ് നടന്നുവെന്ന് താന്‍ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മെഡൽ തിരിച്ചുനൽകുന്നവർ നൽകട്ടെയെന്നും പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കായിക മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ രംഗത്തെത്തിയത്. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നുമായിരുന്നു ഒളിമ്പിക് അസോസിയേഷൻ്റെ ആരോപണം. കായിക മന്ത്രിയുടെ പ്രകടനം വട്ടപ്പൂജ്യമാണ്. കായിക മേഖലയിൽ ഒരു സംഭാവനയും കായിക മന്ത്രിയിൽ നിന്നോ സ്പോർട്സ് കൗൺസിൽ നിന്നോ ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല, കായിക മേഖലയെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രവർത്തിയും ചെയ്തില്ലെന്നും ഒളിമ്പിക് അസോസിയേഷൻ വിമർശിച്ചിരുന്നു.
ഇതിനെതിരെ പ്രതികരണവുമായി മന്ത്രി അബ്ദുറഹിമാൻ രംഗത്തെത്തിയിരുന്നു. ഒരോ വർഷവും പത്ത് ലക്ഷം രൂപ വെച്ച് അസോസിയേഷനുകൾക്ക് നൽകുന്നുണ്ടെന്നും യോഗ്യത നേടിയില്ലെങ്കിൽ ആ പണം മറ്റെന്തോ ചെയ്യുകയല്ലേയെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം. പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം. വനിതാ ഹാൻഡ്ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്ക് കൊടുത്തു. കേരളം വെളളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ഇതിലെല്ലാം അസോസിയേഷന് പങ്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Content highlight-Sports Minister against Olympic Association