റിജോ കവർച്ച നടത്തിയത് രണ്ടാം ശ്രമത്തിൽ; തട്ടിയെടുത്ത പണത്തിൽ 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു

കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആ​ദ്യ ശ്രമം നടത്തിയത്

dot image

ചാലക്കുടി: പ്രതി റിജോ ആൻ്റണി ചാലക്കുടിയിലെ കവർച്ച നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആ​ദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയിൽ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമർത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാൽ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിൻ്റെ കണ്ണവെട്ടിക്കാൻ തുണയായെങ്കിലും ഷൂസിൻ്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവർച്ചയ്ക്ക് മുമ്പോ ശേഷമോ ഫോൺ ഉപയോ​ഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.

എല്ലാ പഴുതും അടച്ച് കവർച്ച നടത്തിയതിനാൽ പൊലീസ് തന്നെ തേടിയെത്തില്ലെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. അതിനാൽ തന്നെയാണ് ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിൽ തന്നെ പ്രതി കവർച്ച നടത്തിയ പണവുമായി കഴിച്ച് കൂട്ടിയത്. ഉപയോ​ഗിച്ചിരുന്ന ജാക്കറ്റ് പ്രതി വീട്ടിലെത്തിയ ശേഷം കത്തിച്ച് കളഞ്ഞിരുന്നു. വീട്ടിൽ കുടുംബസം​ഗമം നടക്കുന്ന ദിവസമായിരുന്നു പൊലീസ് പ്രതിയുടെ വീട്ടിലേയ്ക്ക് എത്തിച്ചേ‍ർന്നത്. പൊലീസ് എത്തിയതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇതിനിടെ പ്രതി കവർച്ച നടത്തിയ പണത്തിൽ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. കവർച്ചയ്ക്ക് ശേഷം ഈ പണം പ്രതി കടം വാങ്ങിയ ആൾക്ക് തിരിച്ച് നൽകിയിരുന്നു. ഇയാളാണ് ഈ പണം പൊലീസിന് കൈമാറിയത്. കവർച്ച പണത്തിൽ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ടെലിവിഷൻ വാർത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത 15 ലക്ഷത്തിൽ നിന്നാണ് 2, 94 , 000 രൂപ കടം വീട്ടിയത്.

Content Highlights: Rijo Antony committed the robbery in the second attempt

dot image
To advertise here,contact us
dot image