സിപിഐഎമ്മിനെതിരായ 'നരഭോജി' പോസ്റ്റ് വലിച്ച് ശശി തരൂര്‍

ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കവും പരിഹാരമല്ല എന്നത് ഓര്‍ക്കേണ്ടതാണെന്നും പുതിയ പോസ്റ്റിൽ തരൂര്‍

dot image

തിരുവനന്തപുരം: സിപിഐഎമ്മിനെ നരഭോജി എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്റ് മുക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 'സിപിഐഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍ കൃപേഷിന്‌റെയും ശരത് ലാലിന്‌റെയും രക്തസാക്ഷിത്വ ദിനം' എന്ന കുറിപ്പും ഒപ്പം ഇരുവരുടേയും ചിത്രങ്ങളുമുള്ള കാര്‍ഡ് പങ്കുവെച്ചായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് നിലപാട് തരൂര്‍ മയപ്പെടുത്തിയത്.

ശരത് ലാലിന്റെയും കൃപേഷിന്‌റെയും ചിത്രത്തിനൊപ്പം ഇരുവരുടേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു എന്ന് തരൂര്‍ കുറിച്ചു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കവും പരിഹാരമല്ല എന്നത് ഓര്‍ക്കേണ്ടതാണെന്നും തരൂര്‍ പറഞ്ഞു. നേരത്തേ സിപിഐഎമ്മിനെ വിമര്‍ശിച്ച തരൂര്‍ പുതിയ പോസ്റ്റില്‍ അത് ബോധപൂര്‍വം ഒഴിവാക്കി. പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുമായി എത്തി. ഇത്തരത്തിലൊരു ബാലന്‍സിങ്ങിന്റെ ആവശ്യമുണ്ടോ എന്നാണ് പലരും ചോദിച്ചത്. തരൂരിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടു.

നേരത്തേ കേരളത്തിന്റെ വ്യവസായ രംഗത്തെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ പങ്കുവെച്ച ലേഖനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വ്യവസായ രംഗത്ത് കേരളത്തിന്റേത് അതിശയകരമായ മാറ്റം എന്നായിരുന്നു തരൂര്‍ എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും തരൂര്‍ നിലപാടില്‍ ഉറച്ചുനിന്നു. ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയുമെന്നും തരൂര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. വിഷയം കെട്ടടങ്ങും മുൻപാണ് തരൂർ പങ്കുവെച്ച പോസ്റ്റും അത് മുക്കിയ നടപടിയും ഇപ്പോൾ വിവാദമായിരിക്കുന്നത്.

Content Highlights- shashi tharoor mp deleated post against cpim over sarath kripesh death anniversary

dot image
To advertise here,contact us
dot image