'ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ'; റിജോയെ പൊലീസിന്‍റെ മുന്നിലേക്ക് ഇട്ടുകൊടുത്തത് അയൽക്കാരി

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു

dot image

ത്യശ്ശൂർ ; പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയിലേക്ക് പൊലീസ് എത്തിയത് അയൽക്കാരിയായ വീട്ടമ്മയിലൂടെ. ബാങ്കിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഇവിടെ സിസിടിവി ദ്യശ്യങ്ങൾ കാണിച്ച് അന്വേഷണം നടത്തുമ്പോഴാണ് അയൽക്കാരിയായ വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പൊലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് പൊലീസ് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും വീട്ടമ്മ പറഞ്ഞു‌.

ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സ്കൂട്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെ റിജോ പൊലീസിന്റെ വലയിലാവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

അതേ സമയം, റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്നും കവര്‍ന്നത്. കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. കടം വീട്ടിയ തുകയാണ് തിരികെ ലഭിച്ചത്. തുക ലഭിച്ചയാളാണ് പൊലീസിനെ പണം തിരിച്ചേല്‍പ്പിച്ചത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.

മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിയതും വച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.

Content Highlight : 'This is burning our Rijo'; A neighbor housewife brought the police to Rijo

dot image
To advertise here,contact us
dot image