
ആലപ്പുഴ: കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍. തരൂരിനെ അഭിനന്ദിക്കണം. ആര്‍ക്കും അടിമപ്പെടാതെ ഉള്ളതുപറയുന്നയാള്‍. തരൂര്‍ പറയുന്നത് സാമൂഹിക സത്യം. അതിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നു. തരൂര്‍ വിദ്യാസമ്പന്നന്‍. ആരുടെ കയ്യില്‍ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. അങ്ങനെയൊരു തീരുമാനമെടുത്താല്‍ എസ്എന്‍ഡിപി നൂറ് ശതമാനം പിന്തുണയ്ക്കും. തോമസ് കെ തോമസ് പോഴന്‍ എംഎല്‍എയാണ്. എംഎല്‍എയാകാനുള്ള യാതൊരു യോഗ്യതയും തോമസ് കെ തോമസിനില്ല. ചേട്ടന്‍ മരിച്ചപ്പോള്‍ ഔദാര്യമായി കിട്ടിയ എംഎല്‍എ സ്ഥാനമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.
എന്‍സിപി ആളില്ലാത്ത പാര്‍ട്ടിയാണെന്നും ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷന്‍ ആകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍സിപി മുന്‍ അധ്യക്ഷന്‍ പി സി ചാക്കോയ്‌ക്കെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. ചാക്കോ വടി വെച്ചിടത്ത് കുട വെക്കില്ല. നില്‍ക്കുന്നിടം നാല് കഷണമാക്കുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
Content Highlights: Vellapally Natesan support Shashi Tharoor