
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പൊലീസ് വീടിനടുത്ത് തകൃതിയായി അന്വേഷണം നടത്തുമ്പോഴും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു പ്രതി റിജോയ്‌ക്കെന്ന് വാർഡ് കൗൺസിലർ. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം റിജോ വീട്ടിൽ കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പ്രതിയേയും ബാങ്ക് കൊള്ളയേയും സംബന്ധിച്ച ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു റിജോയെന്നും സംഗമത്തിൽ പങ്കെടുത്ത വാർഡ് കൗൺസിലർ ജിജി ജോൺസ് റിപ്പോർട്ടറിനോട് പറഞ്ഞു. ചർച്ചകളിലെല്ലാം 'പ്രതി' പിടിക്കപ്പെടില്ല എന്ന് തന്നെയായിരുന്നു റിജോ പറഞ്ഞിരുന്നതെന്നും റിജോയുടെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നുവെന്നും ജിജി പറഞ്ഞു.
'ഇന്നലെ 2 മണിക്ക് തുടങ്ങിയ കുടുംബസംഗമം ഏകദേശം നാലര വരെ ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവരും വീട്ടിലുണ്ട്. പൊലീസ് ഉച്ചയോടെ പ്രദേശത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ സമയത്തൊക്കെ വ്യക്തി വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും സമ്പർക്കമുണ്ടായിരുന്ന വ്യക്തിയായിരുന്നു റിജോ. മാന്യമായി ജീവിച്ചിരുന്ന ഒരാളായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു ഇത്. ഈ പ്രദേശത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും കള്ളൻ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടാവും എന്നുമൊക്കെ പള്ളി വികാരി ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ആ ചർച്ചകളിലൊക്കെ റിജോയും ഉണ്ടായിരുന്നു. കള്ളൻ പിടിക്കപ്പെടില്ല എന്ന് തന്നെയാണ് റിജോ പറഞ്ഞിരുന്നത്. പിടിക്കപ്പെടില്ല എന്ന ധാരണയോടെയാണ് റിജോ ഇരുന്നത്,' ജിജി പറഞ്ഞു.
അതിനിടെ പ്രതി റിജോ ആന്റണിയുമായി അന്വേഷണ സംഘം ബാങ്കിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പുറമേ മൂന്ന് മിനിറ്റിൽ 15 ലക്ഷം കവർച്ച നടത്തിയ സംഭവം പൊലീസ് പുനരാവിഷ്കരിക്കുകയും ചെയ്തു. കവർച്ച നടക്കുന്ന സമയത്ത് രണ്ട് പേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പ്രതി മൊഴിയിൽ പറഞ്ഞിരുന്നു. ആക്രമണത്തിനിരയായ ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമേ കടം വീട്ടുന്നതിനായി ഇയാൾ നൽകിയ 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. തുക ലഭിച്ചയാൾ പണം പൊലീസിനെ ഏൽപിക്കുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.
Content Highlight: Ward councilor says Rijo lived a respectful life, he had confidence that the accused won't get caught