
പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകനായ ജിതിന്‍റെ കൊലപാതകത്തിൽ സത്യസന്ധരായ പൊലീസുദ്യോഗസ്ഥരെ സിപിഐഎം ഭീഷണിപ്പെടുത്തുന്നുവെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി എ സൂരജ്. കൊലപാതകത്തിൽ രാഷ്ട്രീയം ഉണ്ടെന്ന് പറയാൻ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയാണ്. കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ സിപിഐഎം ജനങ്ങളുടെ മുന്നിൽ പച്ചക്കള്ളം പറയുകയാണ്.
മണിക്കൂറുകൾ കൊണ്ട് ഇല്ലാതാകുന്ന ആരോപണമാണ് സിപിഐഎം ഉന്നയിക്കുന്നത്. സിപിഐഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങളാണ് ആരോപണത്തിന് കാരണം. അവർക്ക് വലിയ പ്രതിസന്ധിയുള്ള പഞ്ചായത്താണ് പെരുനാട്. സിപിഐഎമ്മിനുള്ളിലെ വിഷയങ്ങളാണ് ജിതിൻ്റെ കൊലപാതകത്തിന് കാരണമായത്. രക്തസാക്ഷിയെ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്.
പാട്ട കുലുക്കി പണം പിരിക്കാൻ ഉള്ള ശ്രമമാണിത്. പ്രതികൾ ബിജെപിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഫോട്ടോ സിപിഐഎമ്മിന് കാണിക്കാൻ കഴിയുമോയെന്നും നാണക്കേട് മറയ്ക്കാനാണ് സിപിഐഎം കുറ്റം ബിജെപിയുടെ മുകളിൽ കെട്ടിവയ്ക്കുന്നതെന്നും സൂരജ് പറഞ്ഞു.
എന്നാൽ മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഐഎം ആവർത്തിക്കുന്നത്. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പ്രതികൾക്കെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഐഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ല.
പെരുനാട്ടിലെ ബിജെപി-ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളിൽ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി.
രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പൊലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളൂ. ജിതിൻറേത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണ്. കൊല്ലപ്പെട്ട ജിതിൻ സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും പ്രധാന പ്രവർത്തകനാണ്. ജിതിനെ വെട്ടിയത് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: bjp against cpim on jithin's death