
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി. പട്ടം സെന്റ്മേരീസ് സ്കൂളിലെ താൽക്കാലിക കായിക അധ്യാപകനായ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരലിന് അടിച്ചു. കഴുത്തിൽ പിടിച്ച് നിലത്തിട്ട് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
അനധികൃതമായി ഫീസ് വാങ്ങിയത് ചോദ്യം ചെയ്തിരുന്നുവെന്നും അന്നു മുതൽ കുട്ടിയെ ചില അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മർദനത്തിന് ശേഷം മകന്റെ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും മാതാപിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. രക്ഷകർത്താക്കളുടെ പരാതിയിൽ മർദ്ദിച്ച അധ്യാപകൻ മദനനടക്കം നാല് അധ്യാപകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. അതേസമയം അധ്യാപകൻ മർദ്ദിച്ചിട്ടില്ലെന്നും സ്കൂളിനെ തകർക്കാനുള്ള ശ്രമമാണിതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് മദനൻ എന്ന അധ്യാപകനെ താൽക്കാലികമായി സസ്പെന്റ് ചെയ്തു.
content highlights : Nineth class student brutally beaten by sports teacher