
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി. ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മദനനടക്കം നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും വീണിട്ടും അടിച്ചെന്നും കുട്ടി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പ്രതികരിച്ചു.
'ഞാന്‍ ടോയ്‌ലെറ്റില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. അപ്പോഴാണ് യുപി സ്‌കൂളില്‍ പഠിപ്പിക്കുന്ന മദനന്‍ എന്ന സാറ് വന്ന് പുറകില്‍ അടിക്കുന്നത്. എന്തിനാണ് സാറേ അടിച്ചതെന്ന് ചോദിച്ചു. അടിച്ചാല്‍ നീയെന്ത് ചെയ്യുമെന്ന് ചോദിച്ച് പിന്നെയും അടിച്ചു. ഇനി ദേഹത്ത് തൊട്ടാല്‍ ഞാന്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. അപ്പോള്‍ എന്റെ കോളറില്‍ പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. നടുവടിച്ച് ഞാന്‍ വീണു. നിലത്ത് കിടക്കുന്ന എന്നെ വീണ്ടും രണ്ട് തവണ അടിച്ചു. എന്തായാലും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് പിടിച്ച് വാങ്ങിച്ചു. എന്നിട്ട് പ്രിന്‍സിപ്പാളെ കാണാം വാ എന്ന് പറഞ്ഞ് കോളറില്‍ പിടിച്ചുവലിച്ചു. അവസാനത്തെ പിരീയഡായപ്പോള്‍ എന്നെ പഠിപ്പിക്കാത്ത ഷൈജു ജോസഫെന്ന മലയാള അധ്യാപകന്‍ താഴേക്ക് വിളിപ്പിച്ചു. മദനന്‍ സാറും ഷൈജു സാറും നില്‍പ്പുണ്ടായിരുന്നു. നീ നല്ല സാറുമാരെ കണ്ടിട്ടില്ല, നിന്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടത്, നിന്നെ പോലെയുള്ളവരെ ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ല എന്ന് പറഞ്ഞ് ഷൈജു സാറ് ഭീഷണിപ്പെടുത്തി', കുട്ടി പറഞ്ഞു.
അനധികൃതമായി ഫീസ് വാങ്ങിയത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവും പ്രതികരിച്ചു. സംഭവത്തിന് ശേഷം മകന്റെ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മര്‍ദന വിവരം സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
'സര്‍ക്കാര്‍ ഫീസായ 25 രൂപയ്ക്ക് പകരം എല്ലാ വര്‍ഷവും കുട്ടികളില്‍ നിന്ന് 1400 രൂപ വീതം വാങ്ങുമായിരുന്നു. രസീത് തരില്ല, എന്തിനാണെന്ന് പറയില്ല, കാശായിട്ടേ വാങ്ങുള്ളു. ഈ വര്‍ഷം ഞങ്ങള്‍ രസീത് ഇല്ലാതെ പൈസ തരില്ലെന്ന് പറഞ്ഞു. ഇതിന്റെ പേരില്‍ വളരെ ചെറിയ കാര്യങ്ങളില്‍ വരെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കും. ഇത് ചോദ്യം ചെയ്തതാണ് അവർ കാണുന്ന കുറ്റം', പിതാവ് പറഞ്ഞു. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മദനനെ സസ്‌പെന്റ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.
Content Highlights: School teacher beaten 9th standard student in Thiruvananthapuram