തരൂരിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെ വിളിച്ച് വിലക്കി സുധാകരൻ

പരിപാടി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തിരുവനന്തപുരത്തിൻ്റെ ചുമതലയുള്ള അബിന്‍ വര്‍ക്കിക്കും കെപിസിസി നിര്‍ദേശം നല്‍കി

dot image

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പിന്നാലെ പരിപാടിക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തി. രാവിലെ തരൂരിൻ്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഹെഡ് പോസ്റ്റോഫീസ് പരിസരത്തെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

സിപിഐഎം നരഭോജികള്‍ എന്നെഴുതിയ പോസ്റ്ററും തയ്യാറാക്കിയിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ വിളിച്ച് പരിപാടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരിപാടി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തിരുവനന്തപുരത്തിൻ്റെ ചുമതലയുള്ള അബിന്‍ വര്‍ക്കിക്കും കെപിസിസി നിര്‍ദേശം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ നിലപാട് ഇനിയെടുത്താല്‍ പരസ്യ പ്രതിഷേധമുണ്ടാകുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം തരൂരിന്റെ ഓഫീസിന് മുന്നില്‍ കെ എസ് യുവിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'നരഭോജികള്‍ നരഭോജികള്‍ തന്നെയാണ്, ആര് അല്ലെന്ന് എത്ര തവണ പറഞ്ഞാലും ' എന്നാണ് പോസ്റ്ററിലെ വാചകം. ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കമ്മ്യൂണിസ്റ്റ് നരഭോജികള്‍ കൊന്നുതള്ളിയ തങ്ങളുടെ സഹോദരങ്ങളാണെന്നും പോസ്റ്ററില്‍ കുറിച്ചിട്ടത്.

സിപിഐഎമ്മിനെ നരഭോജി എന്ന് വിശേഷിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പിൻവലിച്ചിരുന്നു. 'സിപിഐഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ ദിനം' എന്ന കുറിപ്പും ഒപ്പം ഇരുവരുടേയും ചിത്രങ്ങളുമുള്ള കാര്‍ഡും പങ്കുവെച്ചായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് തരൂര്‍ നിലപാട് മയപ്പെടുത്തിയത്.

ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രത്തിനൊപ്പം ഇരുവരുടേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു എന്ന് കുറിച്ചായിരുന്നു പിന്നീടുള്ള തരൂരിൻ്റെ പോസ്റ്റ്. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും പരിഹാരമല്ല എന്നത് ഓര്‍ക്കേണ്ടതാണെന്നും തരൂര്‍ പറഞ്ഞു. ആദ്യം സിപിഐഎമ്മിനെ വിമര്‍ശിച്ച തരൂര്‍ പുതിയ പോസ്റ്റില്‍ അത് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

Content Highlights: Youth Congress decided to conduct march to Shashi Tharoor KPCC banned

dot image
To advertise here,contact us
dot image