
മലപ്പുറം : പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വിതരണം ചെയ്യാൻ സമാഹരിച്ച ഇരുചക്ര വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കമ്മീഷൻ കിട്ടിയെന്ന് പ്രതി അനന്തു കൃഷ്ണൻ പറഞ്ഞു.
സ്കൂട്ടർ വാങ്ങിയ വകയിൽ മാത്രം ഏഴര കോടി രൂപ കമ്മീഷൻ കിട്ടിയെന്ന് ക്രൈംബ്രാഞ്ചിനോട് അനന്തു സമ്മതിച്ചു. സ്കൂട്ടർ ഒന്നിന് 4500 രൂപ നിരക്കിൽ ആയിരുന്നു കമ്പനികളിൽ നിന്ന് കമ്മീഷൻ കിട്ടിയതെന്ന് അനന്തു വെളിപ്പെടുത്തി. ലാപ്ടോപ്പ് ,തയ്യൽ മെഷീൻ ഉൾപ്പെടെയുള്ള ഇനങ്ങൾക്കും കമ്മീഷൻ കിട്ടിയിട്ടുണ്ട്. എൻജിഒ കോൺഫെഡറേഷനിലെ മറ്റ് ഭാരവാഹികൾ അറിയാതെയായിരുന്നു ഈ തിരിമറി. അനന്തുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിവന്നത്. തുടർന്ന് ഇരുചക്രവാഹങ്ങൾക്ക് നിങ്ങൾ പകുതി തുക നൽകിയാൽ, ബാക്കി തുക ബഹുരാഷ്ട്രകമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ലഭിക്കുമെന്നും ജനങ്ങളെ വിശ്വസിപ്പിച്ചു. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
Content highlights : Half price fraud case, accused Ananthu Krishnan in remand