
ഇടുക്കി: മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വിദ്യാർത്ഥി സുധൻ (19) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും തേനിയിലേക്ക് മാറ്റിയ സുധൻ്റെ ആരോഗ്യനില യാത്രാ മധ്യേ വഷളായതിനെത്തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
അപകടം നടന്നയുടൻ ആധിക (19), വേണിക (19) എന്നീ രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെവിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 19 പേര്‍ മൂന്നാര്‍ ടാറ്റാ ടീ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്.
വാഹനത്തില്‍ ആകെ 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. നാഗര്‍കോവില്‍ സ്‌കോഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മൂന്നാറിലേക്ക് ടൂര്‍ വന്നപ്പോഴാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്നും ഇവര്‍ ബസ്സില്‍ മൂന്നാറിലെത്തി.
തുടര്‍ന്ന് ഇക്കോ പോയിന്റിനു സമീപം അതിവേഗത്തില്‍ എത്തിയ ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇന്ന് 7 മണിക്കാണ് ബസ് മൂന്നാറിലെത്തിയത്. 10 ആണ്‍ കുട്ടികളും 27 പെണ്‍കുട്ടികളും 4 അധ്യാപകരുമാണ് വിനോദസഞ്ചാരത്തിനെത്തിയത്. ഇതില്‍ ഒരാള്‍ അധ്യാപികയുടെ മകനാണ്.
Content Highlights: Munnar accident 3 students died