
എറണാകുളം: കൊച്ചിയിൽ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.
കുട്ടി സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി സ്വയം മാറി നിന്നതാകാം എന്നും പൊലീസ് പറഞ്ഞിരുന്നു. കുട്ടി ഇന്ന് മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്ന് പൊലീസ് പറഞ്ഞിരുന്നു.
ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അച്ഛൻ സ്കൂളിൽ എത്തുന്നതിന് മുമ്പെ കുട്ടി സ്കൂൾ വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് പൊറ്റക്കുഴിയിലുളളള സുഹൃത്തിന്റെ വീട്ടിലേക്ക് കുട്ടി പോയി. അവിടെ നിന്ന് ഇറങ്ങിയ കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലയിലാകെ വ്യാപക തിരച്ചിലാണ് എസിപി ജയകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
വടുതല സ്വദേശികളായ ദമ്പതികളുടെ ഏഴാം ക്ലാസുകാരി മകളെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പന്ത്രണ്ട് വയസുകാരിയെ പച്ചാളത്ത് വെച്ച് കാണാതാവുന്നത്. സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
Content Highlights: police found kochi missing girl