
കൊച്ചി: ബാലയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ അമൃത സുരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്. കേസിന് പിന്നിലെ സത്യാവസ്ഥ വിവരിക്കുന്ന കുറിപ്പാണ് അഭിരാമി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. അമൃത സുരേഷ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ച വാര്‍ത്തയുടെ കമന്റിലാണ് അഭിരാമി സുരേഷ് കുറിപ്പ് പങ്കുവെച്ചത്.
തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും അഭിരാമി വ്യക്തമാക്കി. ഇപ്പോള്‍ കേസ് കോടതിയിലായതിനാലും ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാലും പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് അഭിരാമി പറഞ്ഞു.
അതേസമയം അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്.
അഭിരാമി സുരേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു കുടുംബാംഗമെന്ന നിലയില്‍ എന്റെ സഹോദരിയെ കുറ്റപ്പെടുത്തുന്നവരോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നേരത്തെ ചില രേഖകള്‍ സമര്‍പ്പിച്ച് ബാല ജയിക്കാന്‍ ശ്രമിച്ച കേസിന്റെ തുടര്‍ച്ചയാണ് ഈ കേസ്. അതിലൊന്ന് പൂര്‍ണ്ണമായും വ്യാജ ഒപ്പിട്ട് നിര്‍മ്മിച്ചതാണ്. ആ രേഖകളില്‍ മകളുടെ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പുതിയ പേജ് ചേര്‍ത്തു.
അദ്ദേഹം പ്രീമിയം തുകകൾ അടച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ പണത്തിന്റെയോ പിന്നാലെ പോകാന്‍ ആഗ്രമില്ലാത്തതിനാല്‍ ഇതിന്റെ പിന്നാലെ പോകേണ്ടയെന്ന് തീരുമാനിച്ചു. എന്നാല്‍, ഇപ്പോള്‍ കേസ് കോടതിയിലായതിനാല്‍ ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാല്‍ പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുന്നു.
ഇത് അദ്ദേഹത്തിന്റെ പണത്തിന് പിന്നാലെ പോകുന്നതല്ല. കേസ് തനിക്കനുകൂലമാക്കാന്‍ വ്യാജരേഖകള്‍ അദ്ദേഹം ചമച്ചത് തന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നതാണ് വിഷയം. ഇത് തികച്ചും ദയനീയമാണ്.
Content Highlights: Abhirami Suresh clarifies case against Actor Bala in Amrutha Suresh complaint