'മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും'; എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് കെ സുധാകരന്‍

'നിങ്ങള്‍ കൊന്നോളൂ ഞാന്‍ കൂടെയുണ്ട്' എന്ന സന്ദേശമാണ് പിണറായി വിജയന്‍ എസ്എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ നല്‍കിയതെന്ന് കെ സുധാകരൻ

dot image

തിരുവനന്തപുരം: കേരളത്തില്‍ എസ്എഫ്‌ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ലെന്നും അക്രമത്തിലേക്ക് എസ്എഫ്‌ഐ തിരിയാതിരുന്നത് അഭിനന്ദനാര്‍ഹമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എസ്എഫ്‌ഐ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

'നിങ്ങള്‍ കൊന്നോളൂ ഞാന്‍ കൂടെയുണ്ട്' എന്ന സന്ദേശമാണ് പിണറായി വിജയന്‍ എസ്എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ നല്‍കിയത്. മാനിഷാദാ എന്നായിരുന്നു അദ്ദേഹം ആ സമ്മേളനത്തില്‍ പറയേണ്ടിയിരുന്നത്. അതു പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പകരം അക്രമികളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. എസ്എഫ്‌ഐ നരഭോജി പ്രസ്ഥാനമായി മാറിയത് പിണറായി വിജയന്റെ തണലിലാണ്. ഇരുപതോളം വരുന്ന എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്‍ മരിക്കുകയും അതിലെ പ്രതികള്‍ക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുകയും ചെയതിട്ട് ഒരു വര്‍ഷമായതേയുള്ളു. പിന്നീടും എത്രയെത്ര കാമ്പസുകളെയാണ് എസ്എഫ്‌ഐ ചോരയില്‍ മുക്കിയതെന്നും കെ സുധാകരന്‍ ചോദിക്കുന്നു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ തല്ലിവീഴ്ത്തിയിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കാന്‍ എസ്എഫ്‌ഐ ധൈര്യം കാട്ടുന്നതും പിണറായി വിജയന്റെ തണലിലാണ്. അതിലെ പ്രതിയെ കൂടുതല്‍ പാര്‍ട്ടി പദവികളും ജോലിയും നല്‍കിയാണ് ആദരിച്ചത്. നിങ്ങള്‍ തല്ലിക്കോ ഞാന്‍ കൂടെയുണ്ട് എന്ന സന്ദേശമല്ലേ അതു നല്‍കിയത്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന ചൊല്ലുണ്ട്. കൊലപാതകക്കേസിലെ പ്രതിയായാണ് പിണറായി വിജയന്റെ പൊതുജീവിതം ആരംഭിക്കുന്നതു തന്നെ. കണ്ണൂരില്‍ നടന്ന അനേകം കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പിണറായി വിശേഷിപ്പിച്ചത് കുലംകുത്തിയെന്നാണ്. ടിപി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ആയിരം ദിവസത്തെ പരോളാണ് നല്‍കിയത്. ഷുഹൈബിനെയും ശരത്‌ലാലിനെയും കൃപേഷിനെയും സിപിഐഎമ്മുകാര്‍ കൊന്നപ്പോഴും പിണറായി സംരക്ഷണം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ മുടക്കിയാണ് കേസ് നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

പുതിയ തലമുറയെ അക്രമത്തില്‍നിന്നു മോചിപ്പിക്കാനും സംസ്ഥാനത്തെ കാമ്പസുകളെ ജനാധിപത്യപരമാക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യന്ത്രിക്കുണ്ടെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

Content Highlights: K Sudhakaran against CM Pinarayi Vijayan and SFI

dot image
To advertise here,contact us
dot image