
തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതടക്കം നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ബ്രൂവറി കാറ്റഗറി ഒന്നിലാണോ വരുന്നത് എന്ന് നോക്കിയാല്‍ മാത്രമെ തനിക്ക് പറയാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്തുകളുടെ കൈയിൽ ഉണ്ടായാല്‍ മതി. ലൈസന്‍സിന്റെ ആവശ്യമില്ല. വ്യവസായ മേഖലയില്‍ അല്ലാത്ത കാറ്റഗറി ഒന്ന് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അതിനിടെ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറക്കുന്ന നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ പ്ലാന്റിന് കെട്ടിടവും റോഡും നിര്‍മ്മിക്കുന്നതിനും സ്ഥലം നികത്തുന്നതിനും പഞ്ചായത്തിന്റെ അനുമതി വേണം. ഇത് മറികടക്കാനാണ് നിലവിലെ നീക്കമെന്നാണ് ആരോപണം. എന്നാല്‍, നിങ്ങള്‍ ബ്രൂവറിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. താന്‍ അങ്ങനെയല്ല. നമ്മുടെ മുന്നില്‍ അങ്ങനെയല്ല വിഷയം. എലപ്പുള്ളിയുമായി ഇതിന് ബന്ധമില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് അതിന് ബാധ്യതയില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
പുതിയ തലമുറ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കഴിയാത്ത പ്രശ്‌നമുണ്ട്. നിയമവിധേയമായ എല്ലാ സംരംഭങ്ങള്‍ക്കും വേഗത്തില്‍ അനുമതി നല്‍കും. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നിലവില്‍ ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ലോണ്‍ അടക്കമുള്ളവ കിട്ടാത്ത അവസ്ഥയുണ്ട്. അതിന് മാറ്റം വരുത്തുമെന്നും ലൈസന്‍സ് നല്‍കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: panchayath License is not Need for category one business said M B Rajesh