ആശ വര്‍ക്കര്‍മാരുടെ രാപ്പകൽ സമരത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആശ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍

dot image

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആശാ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയും റോഡും കൈയ്യേറി നടത്തിയ രാപ്പകല്‍ സമരം കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ആശാ വര്‍ക്കര്‍മാരുടെ സമരം. ഈ സാഹചര്യത്തില്‍ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയ്ക്കും ആശാ വര്‍ക്കര്‍മാരുടെ നേതാക്കള്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മരട് സ്വദേശി എന്‍ പ്രകാശ് ആണ് സമരക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ആശ വർക്കർമാരുടെ സമരത്തിൽ അനുനയനീക്കവുമായി സർക്കാർ നേരത്തെ രം​ഗത്ത് വന്നിരുന്നു. രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. കുടിശ്ശിക തീ‍ർത്ത് നൽകാൻ 52.85 കോടി രൂപയാണ് അനുവദിച്ചത്. കുടിശ്ശിക തുക ഫെബ്രുവരി 19ന് മുതൽ വിതരണം ചെയ്യുമെന്നും. അതേസമയം ഓണറേറിയം വർധിപ്പിക്കണമെന്ന ആശാവർക്കർമാരുടെ പ്രധാന ആവശ്യം പക്ഷെ സർക്കാർ അം​ഗീകരിച്ചിട്ടില്ല.

അതേസമയം തങ്ങൾ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശ വർക്കർമാരുടെ നിലപാട്. ഓണറേറിയം അനുവദിച്ചുകൊണ്ടുള്ള സർക്കുലർ സർക്കാർ ഫെബ്രുവരി പതിനൊന്നിന് തന്നെ പുറത്തിറക്കിയിരുന്നുവെന്ന് കേരള ആശാഹെൽത്ത് വർക്കേഴ്‌സ് സംസ്ഥാന അധ്യക്ഷൻ വി കെ സദാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിൽ വലിയ പുതുമയില്ല. തുക തങ്ങളുടെ കൈവശം ലഭിക്കാൻ ഇനിയും സമയമെടുക്കും. കുടിശ്ശിക ലഭ്യമാക്കുക എന്നതുമാത്രമല്ല തങ്ങളുടെ ആവശ്യം. ഓണറേറിയം വർധിപ്പിക്കുക എന്നതും പ്രധാന ആവശ്യമാണെന്നും വി കെ സദാനന്ദൻ പറഞ്ഞിരുന്നു.

Content Highlights: petition seeks contempt proceedings against Ramesh Chennithala regarding Asha workers strike

dot image
To advertise here,contact us
dot image