'കോൺ​ഗ്രസിലെ പ്രശ്നങ്ങളിൽ ലീ​ഗിന് അതൃപ്തിയുണ്ടോയെന്ന് അറിയില്ല, ബ്രൂവറി ജനങ്ങൾക്ക് വെല്ലുവിളി'; ചെന്നിത്തല

'ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും ആർജെഡിയും നിലപാട് മാറ്റിയതെന്ന് സംശയിക്കുന്നു'

dot image

പാലക്കാട്: കോൺഗ്രസിലെ പ്രശ്നങ്ങളെ ചൊല്ലി ലീഗിന് അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുളള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറിക്ക് എതിരെ സിപിഐയും ആർജെഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് യോ​ഗത്തിന് എത്തിയപ്പോൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും ആർജെഡിയും നിലപാട് മാറ്റിയതെന്ന് സംശയിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒയാസിസിൻ്റെ പിആർഒ യെ പോലെയാണ് മന്ത്രി സംസാരിക്കുന്നത്. ഓയാസിസ് കമ്പനിയുടെ സാമ്പത്തിക അടിത്തറ എത്ര വലുതെന്നു ഇപ്പോൾ മനസിലാകുന്നു. മദ്യകമ്പനിയെ സഹായിക്കാൻ സിപിഐഎം മന്ത്രി പോലും എത്ര കഷ്ടപ്പെടുകയാണ്. മദ്യകമ്പനി കൊണ്ടുവരാൻ എന്തൊരു വാശിയാണ് എക്സൈസ് മന്ത്രിക്ക്. കമ്പനി കൊണ്ട് വരാൻ സർക്കാരിന് വാശിയാണ്. വലിയ അഴിമതി നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

മന്ത്രിസഭയെ പൂർണ്ണമായി ഹൈജാക്ക് ചെയ്താണ് മദ്യനയം മാറ്റിയത് എന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. എക്സൈസ് മന്ത്രി എം ബി രാജേഷ് സംവാദത്തിന് ക്ഷണിച്ചു. സംവാദം രാജേഷിനെ തോൽപ്പിച്ച വി കെ ശ്രീകണ്ഠനുമായി നടത്തുന്നതാണ് നല്ലത്. രാജേഷിന് അനുയോജ്യൻ വി കെ ശ്രീകണ്ഠനാണ്, പാലക്കാട്ടുക്കാർക്കും അതാണ് ഇഷ്ടം. വി കെ ശ്രീകണ്ഠനോട് രാജേഷിന് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫ് യോഗം ചേർന്ന് ബ്രൂവറിക്കെതിരായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. കോടികൾ ചെലവിട്ട് ഏക്കർ കണക്കിന് സ്ഥലത്ത് നിർമ്മിച്ച പദ്ധതിയാണ് അഹല്യയിലെ മഴവെള്ള സംഭരണി. അതിൽ ഇതുവരെ പൂർണമായി വെള്ളം നിറഞ്ഞിട്ടില്ലെന്നാണ് ലഭിച്ച വിവരം. അവിടുത്തേക്കാൾ വെള്ളം മദ്യ നിർമ്മാണ കമ്പനിക്ക് വേണം. സംസ്ഥാനത്തെ മറ്റ് ജനകീയ വിഷയങ്ങൾ സർക്കാർ കാണുന്നില്ല. മദ്യ കമ്പനിയാണ് ഏറ്റവും വലിയ പ്രശ്നം എന്ന് കരുതുന്ന മന്ത്രിക്ക് അവാർഡ് കൊടുക്കണമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. പിഎസ്‌സി മെമ്പർമാരുടെ ശമ്പളം സർക്കാർ വർധിപ്പിച്ചു. എന്നാൽ, പാവപ്പെട്ട ആശ വർക്കർമാർ തെരുവിൽ സമരത്തിലാണ്. മന്ത്രിയോട് ചർച്ച ചെയ്തു ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

Content Highlights: Ramesh Chennithala Against Brewery and Says He didn't know League Unhappy with the Problems in the Congress

dot image
To advertise here,contact us
dot image