
തിരുവനന്തപുരം : കായിക വകുപ്പും കായിക സംഘടനകളും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കേരള ഒളിമ്പിക് അസോസിയേഷന് മറുപടിയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി. കായികമന്ത്രിയെ വിമർശിച്ച് കഴിഞ്ഞ ദിവസം കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാര്‍ രംഗത്തെത്തിയിരുന്നു. കായിക വകുപ്പ് പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്ന സുനിൽ കുമാറിന്റെ ചോദ്യത്തിനാണ് യു ഷറഫലി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. വി സുനിൽകുമാർ പറഞ്ഞത് തെറ്റായ പ്രസ്താവനയാണെന്നും അത് ഉടൻ തന്നെ പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാലര കോടിരൂപ സ്പോർട്സ് കൗൺസിലിന് നൽകിയെന്ന് ഷറഫലി ചൂണ്ടിക്കാട്ടി. സുനിൽ കുമാർ പ്രതിനിധാനം ചെയ്യുന്ന ഹോക്കി അസോസിയേഷന് മാത്രം 24 ലക്ഷം നൽകി. ഗവൺമെന്റിനെയും മന്ത്രിയെയും സ്പോർട്സ് കൗൺസിലിനെയും വിമർശിക്കാൻ ഇയാൾ ആരാണെന്നും ഷറഫലി ചോദിച്ചു. ഒപ്പം ഹോക്കിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്നും ഹോക്കിയെ മെച്ചപ്പെടുത്താൻ അസോസിയേഷൻ എന്താണ് ചെയ്തതെന്നും യു ഷറഫലി ചോദിച്ചു. ഇത്രയധികം പണം സർക്കാരിൽ നിന്ന് വാങ്ങിയിട്ടും ഹോക്കി അസോസിയേഷൻ ഒന്നും ചെയ്തിട്ടില്ല. സുനിൽ കുമാറിനെതിരെ സ്പോർട്സ് കൗൺസിൽ പരാതി നൽകുമെന്നും ഷറഫലി വ്യക്തമാക്കി.
സർക്കാരിനെതിരായ സമരത്തിന് സർക്കാരിന്റെ തന്നെ ഗ്രാൻഡ് ഉപയോഗിച്ചുവെന്നും ഷറഫലി ആരോപിച്ചു. സുനിൽകുമാറിൻ്റേത് വെറും ചൈനീസ് പടക്കമാണ്. ഒളിമ്പിക്സ് അസോസിയേഷൻ ഒഴിക്കൽ അസോസിയേഷനായി മാറരുത്. പണം വാങ്ങി പുട്ടടിച്ചത് ഹോക്കി അസോസിയേഷൻ എന്നാണ് കായിക മന്ത്രി ഉദ്ദേശിച്ചതെന്നും ഷറഫലി കുറ്റപ്പെടുത്തി. അതേസമയം സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് ശമ്പളം ഉടൻ നൽകുമെന്നും യു ഷറഫലി വ്യക്തമാക്കി. ഫെബ്രുവരി വരെയുള്ള ശമ്പളം നൽകാൻ 2.70 കോടി രൂപ സർക്കാർ അനുവദിച്ചു. സ്പോർട്സ് ഹോസ്റ്റലുകളുടെ കുടിശിക മാർച്ച് 31 ന് മുൻപ് തീർക്കും. ഒൻപത് കോടി രൂപ സർക്കാരിനോട് ഇതിനായി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 18 നാണ് കേരള ഒളിമ്പിക്‌സ് അസോസിയേഷനെതിരെ കൂടുതല്‍ രേഖകള്‍ കായിക വകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.4 കോടി രൂപ ഒളിമ്പിക്‌സ് അസോസിയേഷന് നല്‍കിയെന്ന് കായിക വകുപ്പ് അറിയിച്ചിരുന്നു. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റെന്നും കായിക വകുപ്പ് ചൂണ്ടിക്കാട്ടി. കായിക സംഘടനകള്‍ പണം വാങ്ങി പുട്ടടിക്കുകയാണെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പുട്ടടിക്കാന്‍ പണം ലഭിക്കുന്നില്ലെന്ന് സംഘടനകളും പറഞ്ഞിരുന്നു.
ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാറായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് കായികവകുപ്പ് കണക്കുകളും പുറത്തുവിട്ടത്. ഗ്രാന്റ് നല്‍കിയത് ഒളിമ്പിക് അസോസിയേഷനാണ്. അസോസിയേഷന് 2021-22 വര്‍ഷം 62.5 ലക്ഷം രൂപ നല്‍കി. ഈ വര്‍ഷം 25 ലക്ഷം രൂപ അനുവദിച്ചു. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റാണെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു.
ദേശീയ ഗെയിംസ് പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മാത്രം 38 ലക്ഷം രൂപ നല്‍കിയതായും കായിക വകുപ്പ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു. എന്നാൽ കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചിരുന്നു. കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണ്. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും സുനിൽ കുമാർ വിമർശിച്ചിരുന്നു.
content highlights : state sports council president reply to v sunilkumar