
കോഴിക്കോട് : ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് എൽ പി സ്കൂൾ അധ്യാപിക ജീവനൊടുക്കിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കാത്തലിക് ലേ മെൻസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. താമരശേരി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി കൈക്കൂലി വാങ്ങിയാണ് നിയമനം നടത്താറുള്ളതെന്ന് പരാതിയിൽ പറയുന്നു. യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറില്ലെന്നും ആരോപണമുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.
കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നി (29)യെയാണ് ഫെബ്രുവരി 19ന് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ചെയ്യുന്ന ജോലിയില്‍ ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് അലീനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊടിയ ചൂഷണങ്ങള്‍ നേരിട്ടെന്നും കുടുംബം പറഞ്ഞു.
താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളിലാണ് അഞ്ച് വര്‍ഷം അലീന ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലായിരുന്നു. വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂള്‍. ആദ്യത്തെ സ്‌കൂളില്‍ നിന്നും മാറുന്ന സമയത്ത് ശമ്പളം വേണ്ട എന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
Content Highlights: Aleena Benny's death has been reported to the Chief Minister