കോൺ​ഗ്രസിൽ ​ഗ്രൂപ്പുകൾ സജീവമാകുന്നു, യുവ നേതാക്കളെ ഒപ്പം നിർത്താൻ സതീശൻ; ചെന്നിത്തലയും കെ സിയും കളത്തിൽ

സ്വന്തം ​ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ

dot image

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോൺ​ഗ്രസിൽ ​ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ​ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപ​ക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണു​ഗോപാൽ ​ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ 'എ' ​ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്.

നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാ​ഗമായാണ് കോൺ​ഗ്രസിലെ ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ​ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക് ശേഷം സജീവമായ രമേശ് ചെന്നിത്തലക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുവെന്ന വിലയിരുത്തൽ കോൺ​ഗ്രസിനകത്തുണ്ട്. കെ സി വേണു​ഗോപാലിന്റെ ​ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യവുമുണ്ട്.

അതേസമയം കെപിസിസി അധ്യക്ഷ പദവിയിൽ കെ സുധാകരനും പിടിമുറുക്കിയിട്ടുണ്ട്. പാർട്ടി ക്യാമ്പുകളും കുടുംബ സം​ഗമങ്ങളും സം​ഘടിപ്പിച്ചുകൊണ്ട് പാർട്ടി സംവിധാനത്തെ കൂടുതൽ കെട്ടുറപ്പോടെ കൊണ്ടുപോകാൻ കെ സുധാകരൻ ശ്രമിക്കുന്നുണ്ട്. ഇത് വഴി തന്റെ പദവി നിലനിർത്താൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം.

കോൺ​ഗ്രസിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍ അതൃപ്തി അറിയിച്ച് മുസ്‌ലിം ലീ​ഗ് രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ നേരിട്ട് നേതാക്കളെ കണ്ട് ഇക്കാര്യത്തിൽ പരാതി അറിയിക്കാനാണ് ലീഗിന്റെ നീക്കം. ഇതിലൂടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാമെന്ന് ലീഗ് കരുതുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടയില്‍ തര്‍ക്കം രൂക്ഷമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ദീപാദാസ് മുന്‍ഷി സമവായ ചര്‍ച്ചകള്‍ തുടരും. വിഡി സതീശനും കെ സുധാകരനും സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്നാണ് വിവരം.

Content Highlights: Groups active in Congress, VD Satheesan to keep young leaders together also Chennithala and KC in the field

dot image
To advertise here,contact us
dot image