
കൊച്ചി: മുസ്ലിം വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് മുൻകൂർ ജാമ്യമില്ല. ജാമ്യം ലഭിക്കാത്തതിനാൽ ഉടൻ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പിസി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പിസി ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. 40 വര്‍ഷം എംഎല്‍എ ആയിരുന്ന അനുഭവ സമ്പത്തുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ മുന്‍ ജാമ്യ വ്യവസ്ഥ മനസിലുണ്ടായിരുന്നില്ല എന്ന് പറയാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിരന്തരം അബദ്ധമാണ് പിസി ജോര്‍ജിൻ്റെതെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചു. അബദ്ധമാണ് പറ്റിയതെന്ന പിസി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
Content Highlights: PC George has no Anticipatory bail Arrest Possible