
തിരുവനന്തപുരം: കൊയിലാണ്ടിയിൽ ആനയിടഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന ആയിരുന്നു എന്ന് അന്തിമ റിപ്പോർട്ട്. സോഷ്യൽ ഫോറസ്ട്രി വനം കൺസർവേറ്റർ ആർ കീർത്തി ഐഎഫ്എസ് അന്തിമ റിപ്പോർട്ട് വനംവകുപ്പിന് സമർപ്പിച്ചു. രക്തസാമ്പിൾ പരിശോധനയ്ത്ക്ക് ശേഷമാണ് പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന ആണെന്ന നിഗമനത്തിൽ എത്തിയത് . രക്തത്തിൽ ഉണ്ടായിരിക്കേണ്ട ടെസ്റ്റോസ്റ്റിറോൺ പരിധി 1.84 മുതൽ 5.35 വരെ ആണ്. എന്നാൽ പീതാംബരന് ഇത് 15ൽ അധികം ആയിരുന്നു. ആർ കീർത്തി ഐഎഫ്എസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ആനയുടെ കാലുകൾ ചങ്ങലയ്ക്കിട്ടിരുന്നില്ല എന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പടക്കം അലക്ഷ്യമായാണ് ആനകളുടെ അടുത്ത് പൊട്ടിച്ചത്. പീതാംബരൻ പടക്കം കേട്ടാൽ പരിഭ്രാന്തനാകുന്ന ആനയാണെന്ന് പാപ്പാൻ നേരത്തെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. ഗുരുവായൂർ പീതാംബരൻ മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും വനംമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. ആനകളുടെ സാന്നിധ്യത്തിൽ ഇനി മുതൽ പടക്കം പൊട്ടിക്കരുതെന്ന് മാർഗ നിർദേശവും റിപ്പോർട്ടിലുണ്ട്. വനം, പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ ഉപസമിതി വേണമെന്നും
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് മുമ്പ് ടെസ്റ്റോസ്റ്റിറോൺ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഫെബ്രുവരി 13നായിരുന്നു കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. പീതാംബരൻ എന്ന ആന ഗോകുലിനെ കുത്തിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കെട്ടിടം തകർന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേർ മരിച്ചിരുന്നു. ലീല, അമ്മുക്കുട്ടി, വടക്കയിൽ സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടം മേലിലേക്ക് തകർന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ഘോഷയാത്ര വരുന്നതിനിടെ ക്ഷേത്രത്തിൽ കതിന പൊട്ടിച്ചിരുന്നു. ഇതിന് പിന്നാലെ പീതാംബരൻ എന്ന ആന ഗോകുൽ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ദേവസ്വം ഓഫീസിന്റെ ഓടിൽ ഗോകുൽ കുത്തുകയുണ്ടായി. പിന്നാലെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഉത്സവം കാണാനായി ഓഫീസിൽ ഇരുന്നവരുടെ മേലിലേക്ക് ഓടും പട്ടികയും ഇഷ്ടികയും തകർന്നുവീണു. പരിഭ്രാന്തിയിലായ ആളുകൾ നിലവിളിച്ചോടുകയും ചെയ്തു. ക്ഷേത്ര പരിസരത്തുകൂടെ മുന്നോട്ട് ഓടിയ ആനകളെ പിന്നീട് ഏറെ ശ്രമപ്പെട്ടാണ് തളച്ചത്. സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ ഉത്സവ ആനകളെ എഴുന്നളളിക്കുന്നതിന് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: The incident of the elephant falling under the Koyilandy Final report to reporter