'ശസ്ത്രക്രിയ വിജയകരമായപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു'; എ വി റസലിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് വി എൻ വാസവൻ

അർബുദ രോഗ ചികിത്സ ഫലം കണ്ടിരുന്നുവെന്ന് വി എൻ വാസവൻ

dot image

കൊച്ചി: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് മന്ത്രി വി എൻ വാസവൻ. എ വി റസലിന്‍റേത് ആകസ്മികമായ വേർപാടാണെന്നും മരണം വേദനിപ്പിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു. റസലിൻ്റെ അർബുദ രോഗത്തിൻ്റെ ചികിത്സ വിജയകരമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വേർപാടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

റസലിന്‍റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ ഇന്ന് ചെന്നൈയിലേക്ക് തിരിക്കുമെന്നും സംസ്കാരം വീട്ടുകാരോട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. നാളെ ഉച്ചയ്ക്ക് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു എ വി റസിലിൻ്റെ അന്ത്യം. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.

1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമാണ് റസൽ. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റായിരുന്നു.

content highlight- 'There was hope when the surgery was successful'; VN Vasavan condoles the death of AV Russell

dot image
To advertise here,contact us
dot image