
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ
ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഐഎം നേതാക്കളും കോട്ടയം സിപിഐഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
റസൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാർട്ടി ഓഫീസിലേക്ക് ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെയാവും സംസ്കരിക്കുക.
കാൻസർ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് റസൽ വിടപറഞ്ഞത്. 2021ൽ ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസൽ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.
1981-ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമാണ് റസൽ. 2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡന്‍റായിരുന്നു.
Content Highlights: CPIM Kottayam district secretary A V Russel's body will be brought home today