
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ 'ബേബി ഓഫ് രഞ്ജിത' എന്ന മേൽവിലാസത്തിലാണ് ചികിത്സിച്ചിരുന്നത്. കുഞ്ഞിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29-നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളർച്ചയുണ്ടായിരുന്നത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ പിതാവ് രണ്ട് ആശുപത്രികളിലുമായി മാറിമാറി നിന്നു. ആരോഗ്യനില മെട്ടപ്പെട്ടതിനെ തുടർന്ന് അമ്മയെ 31-ന് ഡിസ്ചാർജ് ചെയ്തു. ഇതിന് പിന്നാലെ മംഗളേശ്വറിനേയും രഞ്ജിതയേയും കാണാതാവുകയായിരുന്നു. ആശുപത്രി അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടിലെത്തിയെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി.
Content Highlights: Kerala govt will protect 23-day-old infant