
മലപ്പുറം: ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ മടങ്ങിയെത്തുംവരെ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുക ലക്ഷ്യമിട്ട് പുതിയ സേവന സംഘടനയുമായി മുസ്‌ലിം ലീഗ്. ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.
മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷനില്‍ സംഘടനയും ഭാരവാഹികളെയും പ്രവര്‍ത്തന രേഖയും പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ടി വി ഇബ്രാഹിം എംഎല്‍എ വര്‍ക്കിംഗ് പ്രസിഡന്റുമാണ്. മുജീബ് റഹ്‌മാന്‍ പുത്തലത്ത് ജനറല്‍ സെക്രട്ടറിയും കുഞ്ഞിമോന്‍ കാക്കിയ ട്രഷററും പി എ സലാം മലപ്പുറം ചീഫ് കോഡിനേറ്ററുമാണ്.
കെഎംസിസി ഉള്‍പ്പെടെയുള്ള ലീഗ് പോഷക സംഘടനകള്‍ ചെയ്തുവരുന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പ്പിങ് ഹാന്‍ഡ്‌സിലൂടെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. മുജീബ് റഹ്‌മാന്‍ പുത്തലത്ത് രൂപരേഖ അവതരിപ്പിച്ചു.
കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ ഹാജിമാരില്‍ നിന്ന് അധികമായി ഈടാക്കുന്ന നാല്‍പതിനായിരത്തോളം രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും മറ്റു അധികൃതരും തയ്യാറാകണമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. അതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണം. യാത്ര നിരക്ക് വര്‍ധനയ്‌ക്കെതിരെ ലീഗ് മുന്നിട്ടിറങ്ങുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.