
തിരുവനന്തപുരം: വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ എസ്എഫ്ഐയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോർട്ടറിനോട്. എസ്എഫ്ഐ സിപിഐഎമ്മിന്റെ ഭാഗമല്ല. തങ്ങൾ മുന്നോട്ട് വെക്കുന്ന ആശയവും സിപിഐഎം മുന്നോട്ട് വെക്കുന്ന ആശയവും ഒന്നല്ലെന്നും ഇടതുപക്ഷ നിലപാട് ഉയർത്തിപിടിക്കുന്നതിൽ ഐക്യപ്പെടാറുണ്ട് എന്നത് മാത്രമാണ് സാമ്യമെന്നും സഞ്ജീവ് പറഞ്ഞു. 'ഞങ്ങൾ സമരം ഏറ്റെടുക്കുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം പ്രഖ്യാപിതമായ ഭരണഘടനയ്ക്കും ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനും അനുസരിച്ചാണ്. ആ നിലപാട് ഏതുഘട്ടത്തിലും പറഞ്ഞിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
എപ്പോഴും എസ്എഫ്ഐ പ്രവർത്തകർ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നവരാണെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും കൂട്ടിച്ചേർത്തു. ആ ഊർജം ഒട്ടും ചോരാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനായി എന്നതാണ് ആർഷോയുടെ പ്രത്യേകത. അതേ ഊർജം നിലനിർത്തിക്കൊണ്ടുതന്നെ സംഘടനാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും ശിവപ്രസാദ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തത്. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
Content Highlights: PS Sanjeev said that there are people who are associated with different political parties in SFI