
തിരുവനന്തപുരം: ആശാവര്‍ക്കമാര്‍ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പണം ആണോ സര്‍ക്കാരിന്റെ പ്രശ്‌നം. അങ്ങനെ എങ്കില്‍ എങ്ങനെ ആണ് പിഎസ്‌സി മെമ്പര്‍മാര്‍ക്ക് പണം അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പിഎസ്‌സി മെമ്പര്‍മാര്‍ക്ക് പണം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പര്‍ വണ്‍ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാ വര്‍ക്കര്‍മാരുടെ ചുമലിലാണ്. മന്ത്രി ഓഫീസ് ടൈമില്‍ വരാന്‍ പറയുന്നു. ഈ സാധാരണ മനുഷ്യര്‍ക്ക് ഓഫീസ് ടൈം ഉണ്ടോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
വീണ ജോര്‍ജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 10 മുതല്‍ അഞ്ച് വരെ നോക്കിയിട്ടാണോ വോട്ട് ചോദിക്കുന്നത്. 2026ല്‍ ഇരിക്കാന്‍ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. ആശാ വര്‍ക്കര്‍മാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആഗോള വ്യവസായികളെ കാണാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ പറന്നെത്തി. പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. 233 രൂപയെന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാകണം. തോമസ് മാഷിന് യാത്രാബത്ത കൂട്ടിക്കൊടുത്തു. ബംഗാളില്‍ അവിടുത്തെ പിണറായി വിജയനെ ജനം കല്ലെറിഞ്ഞ് ഓടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ അവിടുത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് അഞ്ച് ലക്ഷം ലഭിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ധൂര്‍ത്തിലും ധാരാളിത്തത്തിനും ചെലവഴിക്കുന്ന പണത്തിന്റെ ഒരു വിധം എങ്കിലും നല്‍കണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കും. ഞങ്ങള്‍ തെരുവിലേക്ക് വരികയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Content Highlights: rahul mankoottathil against pinarayi vijayan