
കൊല്ലം: ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ വിവാദ ഉത്തരവ് റെയില്‍വേ പിന്‍വലിച്ചു. റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
ചില തരം വാഴപ്പഴങ്ങള്‍, ചുമയ്ക്കുള്ള സിറപ്പുകള്‍, ലഘു പാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം. ജോലിക്ക് കയറും മുന്‍പും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം രേഖപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താനുമായിരുന്നില്ല. അതിനാല്‍ ബ്രെത്തലൈസറിന്റെ തകരാറാകാം ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിക്കുന്നതിന്റെ കാരണമെന്നാണ് ആരോപണം. യന്ത്രം മാറ്റുന്നതിന് പകരം വിവാദ ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: Railways has withdrawn the order to supply tender coconut to loco pilots who coming for duty