
ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ പരിഹസിച്ച് എസ്എഫ്ഐ നേതാവ് എ എ അക്ഷയ്. ഈ മണ്ണിൽ ഇനിയും ആനേകായിരങ്ങൾ പുതിയ നേതൃത്വമായി ജനിക്കും, ഇത് തനിക്ക് ശേഷം ആരും വേണ്ട എന്ന് മർക്കട മുഷ്ടി ചുരുട്ടിയ നേതാവിന് മുമ്പിൽ സമർപ്പിക്കുന്നുവെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
എം ശിവപ്രസാദ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് എ എ അക്ഷയ് ജി സുധാകരനെ പരിഹസിച്ചത്. എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു ജി സുധാകരൻ. ജി സുധാകരന് ശേഷം ആദ്യമായാണ് ആലപ്പുഴയിൽ നിന്നും ഒരാൾ സംസ്ഥാന പ്രസിഡന്റ് ആകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എസ്എഫ്ഐ നേതാവിന്റെ പരിഹാസം.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തത്. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
Content Highlights: SFI Leader AA Akshay Mocking G Sudhakaran