
കൊച്ചി: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നമാണ്. അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ല. അത് ആദ്യം മനസ്സിലാക്കുകയെന്നും എ കെ ബാലന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
'എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം വന്നതുമുതല്‍ തുടങ്ങിയതാണിത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് ഏതെങ്കിലും നിലയ്ക്ക് ഹൈക്കമാന്‍ഡില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ച് തല പുണ്ണാക്കി ഉറക്കം കളയുകയാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. വിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ല', എന്നും എ കെ ബാലന്‍ പറഞ്ഞു.
പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നതടക്കമുള്ള തരൂരിന്റെ പരാമര്‍ശങ്ങളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. 'നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും' ശശി തരൂര്‍ പറഞ്ഞിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേയാണ് പുതിയ പരാമര്‍ശങ്ങളുമായി തരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് ശേഷവും തുടര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന്റെ കാരണം അടിസ്ഥാന വോട്ടര്‍മാര്‍ക്ക് അപ്പുറത്തേക്കുള്ള പിന്തുണ നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലായെന്നത് കൊണ്ടാണ്. തിരുവനന്തപുരത്തെ തന്റെ വിജയം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഈ പിന്തുണ ആര്‍ജിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ദേശീയ-സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുകൊണ്ട് മാത്രം വിജയിക്കാനാകില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ദേശീയ തലത്തിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് 19 ശതമാനമാണ്. ഈ വോട്ട് കൊണ്ട് കാര്യങ്ങള്‍ സുഗമമാകുമോ?, കൂടുതലായി 26-17 ശതമാനം വോട്ട് ലഭിച്ചാല്‍ മാത്രമെ അധികാരത്തിലേറാന്‍ സാധിക്കൂവെന്നാണ് തരൂര്‍ വിശദീകരിച്ചത്. 'പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുസ്തകം, പ്രസംഗം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസാരിക്കുന്നതിനുള്ള ക്ഷണം…' എന്നാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
Content Highlights: A K Balan Reaction over shashi tharoor Statement