
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയ ബില്യൺ ബീസിൽ കള്ളപ്പണ ഇടപാട് നടന്നതായി സൂചന. ഉടമകൾ ഇടപാടുകാരോട് കളഉപ്പണം വരുന്നതായി വെളിപ്പെടുത്തുന്നതിന്റെ ഓഡിയോ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
ബില്യൺ ബീസ് ഉടമയായ സുബിൻ ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്നത് ഓഡിയോയിൽ കേൾക്കാം. ഒരാഴ്ചക്കുളളിൽ പണം എത്തിക്കാമെന്നും തൃശൂരിൽ പൊലീസ് പരിശോധന ശക്തമാണെന്നും ഓഡിയോയിൽ സുബിൻ പറയുന്നുണ്ട്. തട്ടിപ്പിലൂടെ ബില്യൺ ബീസിന്റെ നടത്തിപ്പുകാരായ കോമ്പാറ ബ്രദേഴ്സ് 150 കോടി തട്ടിയെന്നാണ് വിവരം.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൺ ബീസിൽ നിക്ഷേപിച്ചതെന്നും പൊലീസ് പറഞ്ഞു.
ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവെച്ച ആശയം. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവെച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ, ഭാര്യ ജൈത, ബിബിന്റെ സഹോദരൻ സുബിൻ എന്നിവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു.
Content Highlights: Irinjalakkuda Billions Bees Investment Scam updates