'ബം​ഗാളിൽ കോൺ​ഗ്രസിനെയും സിപിഐഎമ്മിനെയും പൂജ്യം സീറ്റിലെത്തിച്ചതാണ് മമതയുടെ രാഷ്ട്രീയം'; ഡെറിക് ഒബ്രിയാൻ

'വഖഫ് ബില്ലിനെ തൃണമൂൽ നൂറു ശതമാനവും എതിർക്കുന്നു'

dot image

മലപ്പുറം: പശ്ചിമ ബംഗളിൽ കോൺഗ്രസിനെയും സിപിഐഎമ്മിനെയും നിയമസഭയിൽ പൂജ്യം സീറ്റിലെത്തിച്ചതാണ് മമത ബാനർജിയുടെ രാഷ്ടീയമെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ. വഖഫ് ബില്ലിൽ ചിലർക്ക് ഡൽഹിയിൽ എത്തുമ്പോൾ ശബ്ദം നഷ്ടപ്പെടുന്നുെവെന്നും അദ്ദേഹം വിമർശിച്ചു. വഖഫ് ബിൽ മതപരമായ വിഷയമല്ല. ഭരണഘടനപരമായ വിഷയമാണ്. തൃണമൂൽ കോൺഗ്രസിന് വഖഫ് ബില്ലിൽ ശക്തമായ നിലപാടുണ്ട് എന്നും ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. മഞ്ചേരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡെറിക് ഒബ്രിയാൻ.

വഖഫ് ബില്ലിനെ തൃണമൂൽ നൂറു ശതമാനവും എതിർക്കുന്നുവെന്നും ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. ഏക സിവിൽ കോഡും ഭരണഘടന വിരുദ്ധമാണ്. വഖഫ് ബില്ലിനെ തൃണമൂൽ എതിർത്തു തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികളിൽ ആറ് മുതൽ 14 ശതമാനം വരെയാണ് എംപിമാരിൽ സ്ത്രീകളുടെ പ്രാതിനിധ്യം. തൃണമൂലിൽ അത് 39 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂൽ ഏറ്റെടുക്കും. അത് പാർലമെന്റിൽ എത്തിക്കും. വന്യജീവി ആക്രമണത്തിൽ പാർലിമെന്റിനെ പിടിച്ചുകുലുക്കുമെന്നും ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. ഡെറിക് ഒബ്രിയാന് ഒപ്പം മഹുവ മൊയ്ത്രയും സെമിനാറിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി വി അന്‍വറിനൊപ്പം പാണക്കാടെത്തി ആയിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് നേതാക്കള്‍ പാണക്കാടെത്തിയത്.

Content Highlights: derek obrien says mamta politics is brought Congress and CPIM to zero seats in Bengal

dot image
To advertise here,contact us
dot image